വാഷിംഗ്ടണ്‍: സിറിയന്‍ അഭയാര്‍ഥികളെ പ്രവേശിപ്പിക്കില്ലെന്ന് യുഎസിലെ പകുതിയിലധികം സ്റ്റേറ്റുകളിലെ ഗവര്‍ണര്‍മാര്‍. പാരീസിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഗവര്‍ണര്‍മാര്‍ അഭയാര്‍ഥികള്‍ക്കെതിരെ നിലപാട് കര്‍ശനമാക്കുന്നത്.
പ്രതിപക്ഷമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന ടെക്‌സാസ്, അരിസോണ, ജോര്‍ജിയ, അലബാമ തുടങ്ങിയ 26 സ്റ്റേറ്റിലെ ഗവര്‍ണമാരാണ് അഭയാര്‍ഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ നിലപാടെടുത്തത്.
പാരീസ് ഭീകരാക്രമണത്തില്‍ പങ്കാളിയെന്നു കരുതുന്നയാള്‍ സിറിയന്‍ അഭയാര്‍ഥിയെന്ന പേരിലാണ് യൂറോപ്പില്‍ എത്തിയതെന്ന വിവരം പുറത്തുവന്നിരുന്നു. അഹമ്മദ് അല്‍ മുഹമ്മദ് വ്യാജപേരില്‍ ഇയാള്‍ ഗ്രീസിലേക്കു എത്തുകയായിരുന്നെന്നു അധികൃതര്‍ പറഞ്ഞു. ഇതോടെയാണു സിറിയന്‍ അഭയാര്‍ഥി വിഷയത്തില്‍ യുഎസിലെ ഗവര്‍ണര്‍മാര്‍ നിലപാടെടുത്തത്.
എന്നാല്‍ അഭയാര്‍ഥികളെ സ്വീകരിക്കുമെന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമ അറിയിച്ചു. 2011നു ശേഷം 1,500 സിറിയന്‍ അഭയാര്‍ഥികള്‍ക്കാണ് യുഎസ് അഭയം നല്‍കിയത്. ഈ വര്‍ഷം പതിനായിരം അഭയാര്‍ഥികളെ സ്വീകരിക്കുമെന്നും യുഎസ് വ്യക്തമാക്കിയിരുന്നു.