ബെംഗളൂരു: ‘പവര്‍സ്റ്റാര്‍’ പുനീത് രാജ്കുമാറിന്റെ പെട്ടെന്നുള്ള മരണത്തില്‍ ഞെട്ടലിലാണ് ആരാധകര്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്ന, ഫിറ്റ്‌നസില്‍ ശ്രദ്ധാലുവായ താരത്തിന്റെ മരണത്തോടെ ആശുപത്രികളില്‍ തിരക്കേറി. ആശുപത്രികളില്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ വര്‍ധിച്ചെന്നാണു റിപ്പോര്‍ട്ട്.
ബെംഗളൂരുവിലെ ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായാണ് ഇത്രയധികം ആള്‍ക്കൂട്ടമെന്ന് അധികൃതര്‍ പറഞ്ഞു. വരുന്നവരുടെയെല്ലാം ലക്ഷ്യം ഒന്നുമാത്രം, ഹൃദയത്തിന് കുഴപ്പമെന്തെങ്കിലും ഉണ്ടോയെന്നറിയുക. കര്‍ണാടകയിലെ ഹാസന്‍ ജില്ലയില്‍നിന്ന് 46 വയസ്സുള്ള നാരായണ്‍ അമ്മാവനൊപ്പമാണ് എത്തിയത്. ‘പുനീത് സാറിന്റെ മരണത്തോടെ ഇനി റിസ്‌ക് എടുക്കേണ്ടെന്നു ഞാന്‍ തീരുമാനിച്ചു. നെഞ്ചില്‍ ചെറിയൊരു വേദന തോന്നുന്നുണ്ട്. കൂടുതലൊന്നും ആലോചിക്കാതെ 180 കിലോമീറ്റര്‍ യാത്ര ചെയ്ത് ഇവിടേക്കു വരികയായിരുന്നെന്ന് നാരായണ്‍ എന്‍ഡിടിവിയോടു പറഞ്ഞു.
പുനീതിന്റെ മരണശേഷം ഹൃദയ പരിശോധനകളുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടായെന്നു ഡോക്ടര്‍മാര്‍ പറയുന്നു. ‘കഴിഞ്ഞ മൂന്നു വര്‍ഷമായി ധാരാളം രോഗികള്‍ ആശുപത്രിയില്‍ വരാറുണ്ട്. പ്രതിദിനം ആയിരത്തോളം രോഗികള്‍ക്കാണു ചികിത്സ നല്‍കാറുള്ളത്. ഇപ്പോള്‍ ഏതാണ്ട് 1800 പേരാണു ദിവസവും വരുന്നത്. ഇതു ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആശുപത്രി സംവിധാനത്തിനും വലിയ സമ്മര്‍ദമുണ്ടാക്കുന്നു’- ശ്രീ ജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. സി.എന്‍.മഞ്ജുനാഥ് വ്യക്തമാക്കി.
കര്‍ണാടകയില്‍ ഒട്ടുമിക്ക ആശുപത്രികളിലും ഹൃദയ പരിശോധനകളുടെ എണ്ണം കൂടിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുപ്പക്കാരാണു കൂടുതലായി വരുന്നത്. ആശങ്കപ്പെടേണ്ടതില്ലെന്നും പാരമ്പര്യമായോ ഒന്നിലേറെ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നുണ്ട്.
ഇതോടൊപ്പം ജിമ്മുകള്‍ക്കെതിരായുള്ള വാര്‍ത്തകളും പ്രചരിക്കുകയാണ്. വീട്ടിലെ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്തതിനു തൊട്ടുപിന്നാലെയാണു പുനീതിനു ഹൃദയാഘാതം സംഭവിച്ചത്. സംസ്ഥാനത്തെ ജിമ്മുകളെ പ്രവര്‍ത്തനത്തിനു മാര്‍ഗനിര്‍ദേശം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു.