പനാജി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വാടക ഗര്ഭപാത്രത്തിന് വേണ്ടി ഉപയോഗിച്ച സംഭവത്തില്‍ നാല് പേര് പൊലീസ് കസ്റ്റഡിയില്‍. ഗോവയിലെ വാസ്കോയിലാണു സംഭവം.
പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.
പിടിയിലായവരില്‍ ബീഹാറില്‍ നിന്നുള്ള ദമ്പതികളായ ഷൊയബ് അഫ്രീദി, ഭാര്യ സലാത്ത് എന്നിവരും ഉള്‍പ്പെടുന്നു.
പെണ്‍കുട്ടിയെ എത്തിച്ച സത്യവാന് നായിക്, മോത്തിറാം എന്നിവരും പ്രതികളാണ്. മോത്തിറാം ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കി.
പെണ്‍കുട്ടിയെ, വാസ്കോയിലെ ഒരു ഹോട്ടലില്‍ ജോലി നോക്കുന്ന ഷൊയബിനെ പരിചയപ്പെടുത്തിയത് തസ്ലീമയാണ് . വാടകഗര്‍ഭപാത്രത്തിന് ഒന്നരലക്ഷം രൂപയായിരുന്നു പെണ്‍കുട്ടിക്കുള്ള വാഗ്ദാനം.
ഇതിന്റെ പേരില്‍ ഷൊയബ് പലതവണ പീഡിപ്പിച്ചതായും പെണ്‍കുട്ടി പറയുന്നു.
സത്യവാനും മോത്തിറാമും പീഡിപ്പിച്ചതായും പെണ്‍കുട്ടി പറഞ്ഞു.
മാര്‍ച്ചു മുതല്‍ ദമ്പതികള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി. ഇതിനിടെ സംശയം തോന്നിയ പിതാവ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.