തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമാന സംഭവത്തിന് ഇരയായി ബോളിവുഡ് താരം കത്രീന കൈഫും. കത്രീനയുടെ ഡീപ് ഫേക്ക് ഇമേജുകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കത്രീനയുടെ ഏറ്റവും പുതിയ ചിത്രമായ ടൈഗര്‍ 3 യിലെ ലൊക്കേഷന്‍ ദൃശ്യങ്ങളാണ് എ ഐ ഉപയോഗിച്ച് ഡീപ് ഫേക്ക് ദൃശ്യങ്ങളാക്കിയിരിക്കുന്നത്.
നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ ഡീപ്ഫേക്കിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്തുവന്നതിന് പിന്നാലെ താരം തന്നെ ആശങ്കയറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം സെലിബ്രേറ്റിയായ സാറപട്ടേലിന്റെ വീഡിയോയുടെ തല മാറ്റിയായിരുന്നു രശ്മികയുടെതായി എത്തിയത്.വ്യാജ വീഡിയോ വേദനിപ്പിച്ചുവെന്നും ഭയപ്പെടുത്തിയെന്നും കൂടുതല്‍പ്പേര്‍ ഇരയാകുന്നതിന് മുമ്പ് ഒരു സമൂഹമെന്ന നിലയില്‍ പ്രശ്‌നത്തെ നേരിടണമെന്നും രശ്മിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
ചിത്രത്തിലെ നിര്‍ണായക രംഗങ്ങളില്‍ ഒന്നായ ബാത്ത്ടവല്‍ ഫൈറ്റിന്റെ ദൃശ്യങ്ങളാണ് ഡീപ് ഫേക്കിനായി ഉപയോഗിച്ചിരിക്കുന്നത്. എ ഐ ഉപയോഗിച്ച് ടവല്‍ ഒഴിവാക്കിയ ശേഷം വെള്ളി ബിക്കിനിയില്‍ നെക്ക് ലെസ് ആയി കത്രീന കൈഫിനെ ഡീപ് ഫേക് ആയി നിര്‍മിക്കുകയായിരുന്നു.ഡീപ്ഫേക്ക് വിവാദം ശക്തമായതിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇത്തരം സംഭവങ്ങള്‍ക്കെതിരെ നടപടിയെടുക്കേണ്ട ബാധ്യത സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ടെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.