ന്യൂഡല്‍ഹി : ചട്ടപ്രകാരമല്ലാതെ സേനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സോഷ്യല്‍ മീഡിയവഴി പരാതി ഉന്നയിക്കുന്ന ജവാന്‍മാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സൈനിക മേധാവി ബിപിന്‍ റാവത്ത്.
കരസേന ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്ന പരാതികള്‍ ജവാന്റെ മാത്രമല്ല കരസേനയുടേയും ആത്മവീര്യം ചോര്‍ത്തുമെന്ന് സൈനിക മേധാവി അറിയിച്ചു. ഇത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
അതിര്‍ത്തിയിലെ ഭടന്‍മാര്‍ക്ക് മോശമായ ഭക്ഷണമാണ് ലഭിക്കുന്നതെന്ന പരാതി തേജ് ബഹാദൂര്‍ യാദവ് എന്ന ബി എസ് എഫ് ജവാന്‍ ഫേസ്ബുക്ക് വഴി പോസ്റ്റ് ചെയ്തിരുന്നു. പ്രഭാതഭക്ഷണമായി ഒരു പൊറോട്ടയും ചായയും മാത്രമാണ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വീഡിയോ സഹിതമായിരുന്നു യാദവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് രാജ്യം മുഴുവനും മുഖ്യധാരാ മാധ്യമങ്ങളിലും വലിയ സ്വീകാര്യത ലഭിച്ചതിനെത്തുടര്‍ന്ന് മറ്റ് സൈനികരും അര്‍ധസൈനികരും സമാനമായ പരാതികള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കരസേനാമേധാവിയുടെ മുന്നറിയിപ്പ്.
എല്ലാ സൈനിക ഉദ്യോഗസ്ഥര്‍ക്കും ഇത്തരം ബഡ്ഡികളുണ്ടാകുമെന്നും. പല വിചിത്രമായ സഹായങ്ങളും ഉദ്യോഗസ്ഥന് വേണ്ടി ചെയ്യേണ്ടിവരുമെന്നും സംഭവത്തെ ന്യായീകരിച്ച് കൊണ്ട് ബിപിന്‍ റാവത്ത് വ്യക്തമാക്കി. ജവാന്‍മാര്‍ പരാതികള്‍ സേനയിലെ തന്നെ പരാതി പരിഹാര സംവിധാനം വഴി തന്നെ ഉന്നയിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
കരസേനാദിനത്തില്‍ പാകിസ്താന് പരോക്ഷ മുന്നറിയിപ്പും ജനറല്‍ ബിപിന്‍ റാവത്ത് നല്‍കി. സമാധാനമാണ് ആഗ്രഹിക്കുന്നതെങ്കിലും പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകും. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ സൈന്യത്തിന്റെ ആത്മവീര്യം വര്‍ധിപ്പിക്കുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ സ്തുത്യര്‍ഹ സേവനത്തിന് 15 സൈനികരെ പുരസ്‌കാരം നല്‍കി