ചരിത്രമെഴുതി ഭൂമിയില്‍ തിരിച്ചെത്തി യുഎഇ സുല്‍ത്താന്‍ അല്‍ നെയാദിയും സംഘവും. ആറ് മാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ന് രാവിലെയാണ് ഇവര്‍ ഭൂമിയില്‍ തിരിച്ചെത്തിയത്. അല്‍നെയാദിക്കൊപ്പം മൂന്ന് സഹയാത്രികരാണ് ഉള്ളത്. സ്റ്റീഫന്‍ ബോവന്‍, വാറന്‍ ഹോബര്‍ഗ് (യുഎസ്), റഷ്യക്കാരനായ ആന്ദ്രേ ഫെഡ് യാവേവ് എന്നിവരായിരുന്നു സഹയാത്രികര്‍. ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റ് ഭൂമിയില്‍ ലാന്‍ഡ് ചെയ്തു. ഫ്‌ലോറിഡ തീരത്തെ കടലിലാണ് ഇറങ്ങിയത്. ലാന്‍ഡിങ് സുരക്ഷിതമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച അറബ് വംശജന്‍ എന്ന നേട്ടം സ്വന്തമാക്കിയാണ് അല്‍ നെയാദി ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. അറബ് ലോകത്ത് നിന്ന് ആദ്യമായി സ്‌പെയ്സ് വാക്ക് നടത്തിയ ചരിത്രവും നിയാദിക്ക് സ്വന്തം. ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി യുഎഇയില്‍ തിരിച്ചെത്തുന്ന നിയാദിക്ക് അവിസ്മരണീയ സ്വീകരണമരുക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ബിന്‍ റാഷിദ് സ്പെയ്സ് സെന്റര്‍.
ബഹിരാകാശ നിലയത്തില്‍ നിന്ന് ശനിയാഴ്ച യാത്ര തിരിച്ച് ഞായറാഴ്ച ഭൂമിയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബഹിരാകാശനിലയത്തില്‍ നിന്ന് തിരിച്ചെത്തിയാലും ഭൂമിയുടെ ഗുരുത്വകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ പിന്നെയും ആഴ്ചകള്‍ എടുക്കും.