കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ അന്വേഷണ സംഘം.
ഇന്നലെ ആയിരുന്നു കുറ്റപത്രം സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന ദിവസം. ഇതോടെ പ്രതി അമീറുള്‍ ഇസ്ലാമിന് ജാമ്യം ലഭിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കെതിരായ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി നടപടിയുടെ പശ്ചാത്തലത്തില്‍ ജിഷ കേസിലും പ്രതി രക്ഷപ്പെടുമോയെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ട് കൊന്നതിന് തെളിവുകള്‍ നിരത്താന്‍ കഴിയാതിരുന്നതാണ് സൗമ്യ കേസില്‍ വധശിക്ഷ റദ്ദാക്കാനിടയാക്കിയത്.
ജിഷ കേസിലാവട്ടെ സംഭവ ദിവസം ജിഷയുടെ വീട്ടില്‍ കണ്ടെത്തിയ വിരലടയാളം ആരുടേതാണെന്ന് ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
46 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ‘സാഹസികമായി’ തമിഴ്‌നാട്ടില്‍ നിന്ന് അമീറുള്‍ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് ഡിജിപി ലോക്‌നാഥ് ബഹ്‌റയും അന്വേഷണ സംഘവും.
അമീറുള്‍ ഇസ്ലാമിനെതിരായ പൊലീസിന്റെ കണ്ടെത്തലുകള്‍ നിയമപരമായി കോടതിയില്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.
ഒറ്റക്ക് ഒരാള്‍ക്ക് ഇത്രയും നിഷ്ഠൂരമായ കൊലപാതകം ചെയ്യാന്‍ കഴിയുമോയെന്നതും പകയുടെ കാരണമായി പറയുന്ന കുളിക്കടവിലെ കളിയാക്കല്‍ കോടതിയില്‍ നിലനില്‍ക്കുമോയെന്ന കാര്യത്തിലും നിയമ വിദഗ്ധര്‍ക്കും സംശയമുണ്ട്.
മാത്രമല്ല ജിഷയുടെ ശരീരത്തിലെ കടിയുടെ പാട് അമീറുള്‍ ഇസ്ലാമിന്റെതാണെന്ന് തെളിയിക്കാനും പോലീസിന് കഴിഞ്ഞിട്ടില്ല.
അമീറുളിന്റെ സഹായിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്തതും അന്വേഷണ സംഘത്തിന് തിരിച്ചടിയാണ്.
മുന്‍ഹൈക്കോടതി ജഡ്ജിയെ മുന്‍നിര്‍ത്തി വാദിച്ചിട്ട് പോലും സുപ്രീംകോടതിയില്‍ സൗമ്യ കേസ് പൊളിഞ്ഞതിനാല്‍ സമാനമായ സാഹചര്യം ജിഷകേസിലും ഉണ്ടാവുമോയെന്നാണ് ആശങ്ക.
കുറ്റകൃത്യം നടന്ന് 90 ദിവസത്തിനുള്ളില്‍ ചാര്‍ജ്ജ് കൊടുത്തില്ലെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നതിനാല്‍ ഉടനെ തന്നെ അമീറുള്‍ ഇസ്ലാമിനെ ജാമ്യത്തിലെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ അന്വേഷണ സംഘം കുഴയും.
സൗമ്യ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ ബി എ ആളൂര്‍ ജിഷ കേസില്‍ അമീറുള്‍ ഇസ്ലാമിന് വേണ്ടി ഹാജരാകാന്‍ എത്തുമോയെന്ന കാര്യവും അന്വേഷണ സംഘത്തിന്റെ ഉറക്കം കെടുത്തുന്നതാണ്.
എന്ത് ശാസ്ത്രീയ തെളിവുകള്‍ ചൂണ്ടിക്കാട്ടിയാലും യുക്തിപൂര്‍വ്വം അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രതി രക്ഷപ്പെടുമെന്നതിന്റെ സൂചനയാണ് സൗമ്യ കേസ് നല്‍കുന്ന പാഠം.
ഈ ചരിത്രം ജിഷ കേസില്‍ ആവര്‍ത്തിക്കുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.
2011 ഫെബ്രുവരി ഒന്നിനായിരുന്നു സൗമ്യ കൊല്ലപ്പെട്ടത് .കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ (23) എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് പോകുമ്പോള്‍ പ്രതി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്നാണ് കേസ്. ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് സൗമ്യ മരണത്തിന് കീഴടങ്ങിയത്.
സൗമ്യയെ പരുക്കേറ്റ് കണ്ടെത്തിയതിന് പിന്നാലെ ഫെബ്രുവരി മൂന്നിന് ഗോവിന്ദച്ചാമി എന്ന ഒറ്റക്കയ്യന്‍ തമിഴനെ കടലൂര്‍ വിരുദാചലത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.ഒറ്റക്കയ്യനാണ് അക്രമിച്ചതെന്ന് അര്‍ദ്ധബോധാവസ്ഥയിലും സൗമ്യ പറഞ്ഞിരുന്നു.കൂടാതെ ഗോവിന്ദച്ചാമിയെ ട്രെയിനില്‍ കണ്ടെന്ന് മൊഴി നല്‍കിയ സാക്ഷികളും ഉണ്ടായിരുന്നു.
പെരുമ്പാവൂര്‍ കുറുപ്പംപടിക്ക് സമീപമുള്ള ഇരുങ്ങോലിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് ആണ് ദളിത് നിയമ വിദ്യാര്‍ത്ഥി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ടത്. പെണ്‍കുട്ടിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയെന്നതിന് അപ്പുറം ദളിത് പെണ്‍കുട്ടിയെന്നതും, മൃഗീയ പീഡനമെന്നതും പൊലീസ് ആദ്യം ഗൗരവമായി കണ്ടിരുന്നില്ല.
ഏപ്രില്‍ 29ന് ജിഷയുടെ പോസ്റ്റുമോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടന്നു. എന്നാല്‍ ഇത്രയും ഗുരുതരമായൊരു കേസില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണെന്നത് മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്നുള്ള കനത്ത വീഴ്ചയായി. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ മൃതദേഹം ദഹിപ്പിക്കാന്‍ പൊലീസ് അനുമതി നല്‍കിയതും ദുരൂഹമായിരുന്നു.
മുന്‍സിപ്പല്‍ സെക്രട്ടറിക്ക് കുറുപ്പംപടി എസ്‌ഐ ദഹിപ്പിക്കാന്‍ നിയമതടസ്സമില്ലെന്ന് കാണിച്ച് കത്ത് നല്‍കുകയായിരുന്നു. വൈകിട്ട് ഏഴ്മണിക്ക് ശേഷം സംസ്‌കാരം പാടില്ലെന്ന ചട്ടം മറികടന്ന് 7.30ന് മൃതദേഹം ദഹിപ്പിച്ചു. ഇതോടെ റീ പോസ്റ്റുമാര്‍ട്ടം സാധ്യതകള്‍ അസ്തമിച്ചു.
റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്ത് വിട്ട വാര്‍ത്ത കത്തിപ്പടര്‍ന്നതോടെ അയല്‍വാസികളും നിര്‍മ്മാണത്തൊഴിലാളികളുമടക്കം നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയുണ്ടായി.
സംഭവത്തില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെതിരെ ഗുരുതര ആരോപണണങ്ങളുമായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ രംഗത്ത് വന്നത് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. അപ്പോഴും പ്രതിക്ക് വേണ്ടി പൊലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു.
പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ സംഘത്തെ കേസന്വേഷണത്തിനായി നിയോഗിച്ചതോടെയാണ് പ്രതി അമിറൂള്‍ ഇസ്ലാം തമിഴ്‌നാട്ടില്‍ വെച്ച് പിടിയിലായത്.
ജൂണ്‍ മാസത്തില്‍ അറസ്റ്റിലായ പ്രതിയുടെ സഹായിയെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതിരുന്ന അന്വേഷണ സംഘം എന്ത് കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും അഡ്വ. ബിഎ ആളൂരിന്റെ രംഗപ്രവേശനമെന്നാണ് ലഭിക്കുന്ന സൂചന.