മലയാള കവികളില്‍ ഇത് ചരിത്രം; പ്രഭാവര്‍മയുടെ ഇംഗ്ലീഷ് നോവല്‍ ‘ആഫ്റ്റര്‍ ദ ആഫ്റ്റര്‍മാത്’

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മയുടെ നോവല്‍ വരുന്നു. ‘ആഫ്റ്റര്‍ ദ ആഫ്റ്റര്‍മാത്’ എന്നു പേരിട്ട കൃതി ഒരു മലയാള കവിയുടെ ആദ്യ ഇംഗ്ലീഷ് നോവലാകും.

ഡല്‍ഹിയിലെ ഇന്‍ഡസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഡിസംബറില്‍ പ്രകാശനം ചെയ്യും. പേരിട്ടിട്ടില്ലാത്ത ആത്മകഥയുടെ നാല്‍പത് അധ്യായങ്ങള്‍ പൂര്‍ത്തിയായതായും പ്രഭാവര്‍മ പറഞ്ഞു.

നേരത്ത, മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ‘രൗദ്ര സാത്വികം’ കാവ്യാഖ്യായികയുടെ തുടര്‍ച്ചയാണ് നോവല്‍. തുടക്കത്തില്‍ കവിത രൂപത്തില്‍ എഴുതാന്‍ ശ്രമിച്ച രചന പിന്നീട് നോവലിലേക്ക് വഴിമാറുകയായിരുന്നു. അടുത്ത മാസംതന്നെ പ്രകാശനം നിര്‍വഹിക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

വേദങ്ങളെയും ഉപനിഷത്തുക്കളെയും മതേതര കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ദേവീപ്രസാദ് ചാതോപാധ്യായ, ഡി.ഡി. കോസാംബി എന്നിവരെപ്പോലുള്ളവര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്ന് ചൂണ്ടിക്കാണിച്ച പ്രഭാവര്‍മ, വേദോപനിഷത്തുക്കളുടെ അന്തഃസത്തക്ക് വിരുദ്ധമാണ് സംഘ്പരിവാറിന്റെ ഉള്ളടക്കമെന്നും കൂട്ടിച്ചേര്‍ത്തു.

ആരോടും വിദ്വേഷമരുത് എന്നതാണ് ശാന്തിമന്ത്രത്തിന്റെ അന്തഃസത്ത. ഹിന്ദുമതമോ വേദമോ ഉപനിഷത്തുക്കളോ പറഞ്ഞതല്ല, സംഘ്പരിവാര്‍ ചെയ്യുന്നത്. ഹിന്ദു വിശ്വാസി സമൂഹം ഇവരെ ഒറ്റപ്പെടുത്തണം. തനിക്കെതിരെ നിരന്തരം കേസുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുകയാണ് സംഘ്പരിവാര്‍.

എല്ലാ മതത്തിലെയും നവോത്ഥാന ശ്രമങ്ങള്‍ അതിനുള്ളില്‍നിന്നു വരണം. ശബരിമലയുടെ കാര്യത്തില്‍ ആ നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും പ്രഭാവര്‍മ പറഞ്ഞു.

Top