വിവാദങ്ങള്‍ക്കൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു

കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ പ്രിയ വര്‍ഗീസ് അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റു. കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തിയാണ് പ്രിയ വര്‍ഗീസ് ചുമതലയേറ്റത്. ഇന്ന് തന്നെ നീലേശ്വരം ക്യാമ്പസില്‍ അസോസിയേറ്റ് പ്രഫസറായി ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രിയ വര്‍ഗീസ് അറിയിച്ചു. മതിയായ യോഗ്യത പ്രിയക്ക് ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടതിന് പിന്നാലെ പ്രിയക്ക് സര്‍വകലാശാല നിയമന ഉത്തരവ് കൈമാറിയിരുന്നു.

അതേസമയം, കണ്ണൂര്‍ സര്‍വകാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയെ സമീപിക്കും. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം. ഗവേഷണ കാലവും എന്‍എസ്എസ് പ്രവര്‍ത്തന കാലവും അധ്യാപന കാലയളവായി കണക്കാക്കിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രിയ വര്‍ഗീസിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

ഇത് 2018 ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവുമായി ബന്ധപ്പെട്ട യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാക്കും എന്നാണ് നിയമോപദേശം. റെഗുലേഷനില്‍ പറയുന്ന അധ്യാപക പരിചയമില്ലാത്ത ഉദ്യോഗാര്‍ത്ഥികളും ഈ ഉത്തരവ് ചൂണ്ടിക്കാട്ടി നിയമപ്പോരാട്ടം നടത്താനുള്ള സാധ്യതയും യുജിസിയും കാണുന്നു. ഈ സാഹചര്യത്തിലാണ് അപ്പീല്‍ പോകാന്‍ യുജിസി തീരുമാനം.

Top