ഡല്‍ഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന് ശേഷമുള്ള ഇന്‍ഡ്യ മുന്നണിയുടെ യോഗം ഡിസംബര്‍ 19ന്. മുന്നണിയുടെ നാലാമത്തെ യോഗമാണ് ഇന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രഖ്യാപിച്ചത്.
ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ പരാജയത്തെ മമത ബാനര്‍ജി, അഖിലേഷ് യാദവ് അടക്കമുള്ള സഖ്യ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. ബിജെപിയുടെ വിജയമല്ല, കോണ്‍ഗ്രസിന്റെ പരാജയമാണെന്നാണ് മമത വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ഇന്‍ഡ്യ മുന്നണിയില്‍ വിള്ളലെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു.ഈ യോഗം മുന്നണിക്ക് നിര്‍ണ്ണായകമാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംയുക്ത പ്രചാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ യോഗത്തിലുണ്ടായേക്കും. സീറ്റ് വിഭജനവും ചര്‍ച്ചയായേക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ മുംബൈയിലാണ് ഒടുവിലായി ഇന്‍ഡ്യ മുന്നണി യോഗം ചേര്‍ന്നത്.
നേരത്തേ ഡിസംബര്‍ ആറിന് യോഗം നടത്തുമെന്ന് തീരുമാനിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് എന്നിവര്‍ നേരത്തെ നിശ്ചയിച്ച തീയതിയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. തമിഴ്നാട് മിജോംഗ് ചുഴലിക്കാറ്റ് സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യേണ്ടതിനാല്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിനും യോഗത്തില്‍ പങ്കെടുക്കാനാകുമായിരുന്നില്ല.