അന്തിമ റിപ്പോര്‍ട്ടിന് ശേഷം തോമസ് ചാണ്ടിക്ക് എതിരായ പരാതികളില്‍ നടപടിയെന്ന് റവന്യുമന്ത്രി

e-chandrashekaran

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്ക് എതിരായ പരാതികളില്‍ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

റിപ്പോര്‍ട്ട് ലഭിക്കാതെ ഇപ്പോള്‍ കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും റവന്യുമന്ത്രി പറഞ്ഞു.

ഇതിനിടെ തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി തുടങ്ങണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റവന്യൂ മന്ത്രിക്ക് കത്ത് നല്‍കി.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം മന്ത്രി കുറ്റം ചെയ്തതായി പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിരിക്കുകയാണ്. അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി തന്നെ നിയമലംഘനം നടത്തിയത് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെയും അധികാരികളുടെ കൈവശമുള്ള രേഖകളുടെയും അടിസ്ഥാനത്തില്‍ വ്യക്തമായി തെളിഞ്ഞിട്ടും പ്രോസിക്യൂഷന്‍ നടപടി വൈകുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കിയിരുന്നു.

മന്ത്രി തോമസ് ചാണ്ടിക്കെതിരെനിയമ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തി ഉത്തരവ് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് റവന്യൂ മന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

Top