പട്ടാളത്തിലെത്തിയ ഹൈലക്സിനു ശേഷം അടിയന്തര സാഹചര്യങ്ങളില്‍ ഇസൂസുവിന്റെ ‘വീര’യും പൊലീസിലേക്ക്

ഹീന്ദ്രയും, ടാറ്റയുമെല്ലാം പരിശ്രമിച്ച് തോറ്റുപോയ ഇന്ത്യയിലെ ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്ക് വിപണിക്ക് പുത്തന്‍ ഉണര്‍വേകിയത് ഇസൂസുവാണ്. ഇന്നും മോശമാക്കാതെ തുടരുന്ന ബ്രാന്‍ഡിന്റെ വളര്‍ച്ച കണ്ട് ജപ്പാനിന്റെ ടൊയോട്ടയും സെഗ്മെന്റിലേക്ക് ഹൈലക്സിനെയും അവതരിപ്പിച്ചു. ഇന്ത്യയിലും ഇത്തരം മോഡലുകള്‍ക്ക് സാധ്യതയുണ്ടെന്ന് രണ്ട് ജാപ്പനീസ് ബ്രാന്‍ഡുകളും തെളിയിച്ചു കഴിഞ്ഞു. അതിനിടയില്‍ സൈനിക സേവനത്തിനായി ടൊയോട്ട ഹൈലക്സിനെ തെരഞ്ഞെടുത്തും വലിയ വാര്‍ത്തയായിരുന്നു. നിരന്തരം പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ട്രക്കിനെ ഇന്ത്യന്‍ പട്ടാളത്തിന്റെ ഭാഗമാക്കിയത്. എന്നാല്‍ ഇതിനു പിന്നാലെ ഇസൂസുവും പൊലീസ് സേനയിലേക്ക് എത്തിയിട്ടുണ്ട്.

എസ്-ക്യാബ് പിക്കപ്പ് ട്രക്കുകളുടെ പ്രത്യേകം കസ്റ്റമൈസ് ചെയ്ത മോഡലുകള്‍ കമ്പനി തമിഴ്നാട്ടിലെ ട്രാഫിക് പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനത്തിന് ‘വീര’ എന്നാണ് പേരിട്ടിരിക്കുന്നതും. സംസ്ഥാന പൊലീസിന്റെ ആക്സിഡന്റ് റെസ്‌പോണ്‍സ് ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിലേക്കാണ് ഈ കസ്റ്റമൈസ്ഡ് മോഡല്‍ എത്തിച്ചിരിക്കുന്നത്. അപകട സമയത്ത് യുക്തിസഹമായി വേഗത്തില്‍ വേര്‍തിരിച്ചെടുക്കാനും കൊണ്ടുപോകാനുമാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യങ്ങള്‍ക്കനുസരിച്ച് മോഡല്‍ പരിഷ്‌ക്കരിക്കാനാകും. ഇസൂസു വീരയുടെ മുന്‍വശത്ത് ഒരു വിഞ്ച് സജ്ജീകരിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ വാഹനമാണെന്ന് അറിയിക്കാനായി പ്രത്യേകം കളര്‍ ഓപ്ഷനും വണ്ടിക്ക് നല്‍കിയിരിക്കുന്നു.

ഇസൂസു എസ്-ക്യാബ് പിക്കപ്പ് ട്രക്കില്‍ ബെഡും മറ്റ് അത്യാവശ്യ ഉപകരണങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. രോഗിയെ കൊണ്ടുപോകാന്‍ പിന്‍ഭാഗം പൂര്‍ണമായും പൊളിച്ചു പണിതിട്ടുണ്ട്. അങ്ങനെ മൊത്തത്തില്‍ അടിയന്തര സാഹചര്യങ്ങില്‍ മികവുറ്റ രീതിയില്‍ പൊലീസിനെ സഹായിക്കുന്നതിനു വീരയെ പ്രാപ്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഡി-മാക്സ് എസ്-ക്യാബിന്റെ പുതിയ Z വേരിയന്റിനെയും കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു.

15 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്‌ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്.ഇസൂസു ഡി-മാക്സ് എസ്-ക്യാബ് വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി സംരംഭകരെയും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരെയും ലക്ഷ്യമിട്ടുള്ള ഒരു വാണിജ്യ ക്രൂ ക്യാബാണ്. എങ്കിലും പ്രായോഗികമായ രീതിയില്‍ മികച്ച പ്രീമിയം ഫീച്ചറുകളാല്‍ വാഹനത്തെ കമ്പനി ക്രമീകരിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. Z വേരിയന്റിനൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ബൈ-എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍ തുടങ്ങിയ സവിശേഷതകള്‍ പിക്കപ്പ് ട്രക്കില്‍ ലഭ്യമാവും.

ആന്റി-സ്‌കിഡ് സൈഡ്സ്റ്റെപ്പുകള്‍, കീലെസ് എന്‍ട്രി, പിയാനോ ബ്ലാക്ക് ഫിനിഷ് ട്രിമ്മുകള്‍, മള്‍ട്ടി-ഫംഗ്ഷന്‍ ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ഡ്യുവല്‍-ടോണ്‍ ഡാര്‍ക്ക് ഗ്രേ അപ്ഹോള്‍സ്റ്ററി എന്നിവയാണ് ഇപ്പോള്‍ ഡി-മാക്സ് എസ്-ക്യാബില്‍ ഓഫര്‍ ചെയ്യുന്ന മറ്റ് സവിശേഷതകള്‍. മുന്‍ സീറ്റുകളില്‍ ഉയരം ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകളും പിന്‍ പോക്കറ്റുകളും, ആറ് സ്പീക്കറുകളുള്ള 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒന്നിലധികം യുഎസ്ബി പോര്‍ട്ടുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ, നാല് പവര്‍ വിന്‍ഡോകള്‍ എന്നിവയുമുണ്ട്.

ഇതിനുപുറമെ ഫ്രണ്ട് ഗ്രില്ലിലെ ക്രോം, ഡോര്‍ ഹാന്‍ഡിലുകള്‍, ടെയില്‍ഗേറ്റ് ഹാന്‍ഡിലുകള്‍, റൂഫ് റെയിലുകള്‍, സ്രാവ് ഫിന്‍ ആന്റിനയില്‍ ഗണ്‍-മെറ്റല്‍ ഫിനിഷ് എന്നിങ്ങനെ മറ്റ് കോസ്‌മെറ്റിക് നവീകരണങ്ങളും വാഹനത്തില്‍ കാണാനാവും. വശക്കാഴ്ച്ചയില്‍ ദൃശ്യഭംഗി മെച്ചപ്പെടുത്തുന്ന പുതിയ സിക്സ് സ്പോക്ക് വീല്‍ കവറുകളും ഇസൂസുവിന്റെ പിക്കപ്പില്‍ ഒരുക്കിയിട്ടുണ്ട്. എഞ്ചിനിലേക്ക് വന്നാല്‍ 2.5 ലിറ്റര്‍ 4JA1 ഡീസലാണ് പിക്കപ്പിന്റെ ഹൃദയം.

ഇതിന് 77.7 bhp കരുത്തില്‍ പരമാവധി 176 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. റിയര്‍ വീല്‍ ഡ്രൈവ് വാഹനമായ ഇതിനെ 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായാണ് ജോഡിയാക്കിയിരിക്കുന്നത്. കോസ്മിക് ബ്ലാക്ക്, ഗലീന ഗ്രേ, സ്പ്ലാഷ് വൈറ്റ്, നോട്ടിലസ് ബ്ലൂ, ടൈറ്റാനിയം സില്‍വര്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ക്രൂ ക്യാബ് സ്വന്തമാക്കാനാവും.

Top