കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ,ഉത്തര്‍പ്രദേശിലും ജാഗ്രത നിര്‍ദേശം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ യുപി പൊലീസ് നിര്‍ദേശം നല്‍കി. കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെയാണ് നടപടി. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും നിരീക്ഷിക്കും. കാണ്‍പൂര്‍, മീററ്റ്, വാരണാസി, അലിഗഡ്, ലഖ്നൗ, ഹാപൂര്‍ തുടങ്ങിയ ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കി.

ഇന്ന് രാവിലെയാണ് കളമശ്ശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ബോംബ് സ്‌ഫോടനം നടന്നത്. ഒരു സ്ത്രീ മരിച്ചു. യഹോവ സാക്ഷികളുടെ പരിപാടിക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്. കണ്‍വെന്‍ഷന്‍ സെന്ററിലേത് ബോംബ് സ്ഫോടനം തന്നെയാണെന്ന് ഡിജിപി സ്ഥിരീകരിച്ചു. ഐഇഡി സാന്നിധ്യം കണ്ടെത്തി. ടിഫിന്‍ ബോക്‌സ് ആണോ എന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം പറയാം. ഭീകര ബന്ധം എന്ന് പറയാന്‍ ആയിട്ടില്ല. സംഭവത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം പാടില്ല. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. സ്ഥലം സന്ദര്‍ശിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് പലസ്തീന്‍ അനുകൂല പരിപാടികളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. പലസ്തീന് അനുകൂലമായോ പ്രതികൂലമായോ പരിപാടികളോ യോഗങ്ങളോ നടക്കുന്ന ഇടങ്ങള്‍ നീരീക്ഷിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ ആരാധനാലയങ്ങളിലും നീരീക്ഷണം ഉണ്ടാവും. റെയില്‍വേ സ്റ്റേഷന്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ കൂടുതല്‍ പോലീസ് സാന്നിധ്യം ഉറപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. അതിര്‍ത്തികളില്‍ കര്‍ശന പരിശോധന ഉറപ്പാക്കും.

 

Top