ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു

വിശാഖപട്ടണം: ഏകദിന ലോകകപ്പ് ഫൈനലിന് പിന്നാലെ ഇന്ത്യയും ഓസ്ട്രേലിയയും വീണ്ടും നേര്‍ക്കുനേര്‍ വരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴ് മണിക്ക് വിശാഖപട്ടണത്താണ് മത്സരം. ലോകകപ്പ് കളിച്ച ടീമില്‍ ഭൂരിപക്ഷവും പരമ്പരയില്‍ കളിക്കുന്നില്ല. സൂര്യകുമാര്‍ യാദവ് നയിക്കുന്ന യുവ ടീമിനെയാണ് ഓസീസ് പരമ്പര സ്വന്തമാക്കാന്‍ നിയോഗിച്ചിരിക്കുന്നത്.

അഞ്ചാം നമ്പറില്‍ ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനാവും അവസരം നല്‍കുക. ഓള്‍ റൗണ്ടര്‍, ഫിനിഷര്‍ എന്നീ റോളുകളില്‍ ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍ എന്നിവരുണ്ടാകും. പേസ് നിരയില്‍ അര്‍ഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, അവേഷ് ഖാന്‍ എന്നിവര്‍ക്കാണ് സാധ്യത. എങ്കില്‍ രവി ബിഷ്‌ണോയും മുകേഷ് കുമാറും പുറത്തിരിക്കും.

ഇന്നത്തെ അന്തിമ ഇലവനില്‍ ആരൊക്കെ ഇടം നേടുമെന്നതിലാണ് ആരാധകര്‍ക്ക് ആകാംഷ. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ ഭാവിയില്‍ കൂടുതല്‍ പരമ്പരകളില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകും. ഇഷാന്‍ കിഷന്‍ – റുതുരാജ് ഗെയ്കവാദ് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കിഷന്‍ ടീമിലുണ്ടെങ്കില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയും ഓപ്പണിംഗ് സ്ഥാനത്ത് യശ്വസി ജയ്‌സ്വാളും ടീമില്‍ ഉണ്ടാകില്ല. തിലക് വര്‍മ്മ മൂന്നാമതും നായകന്‍ സൂര്യകുമാര്‍ യാദവ് നാലാമനായും ക്രീസിലെത്തും.

 

Top