പാലക്കാട്: ഷൊര്‍ണൂര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ പി.കെ.ശശി എംഎല്‍എക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി എ.കെ.ബാലന്‍. നടപടി വേണോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കുമെന്നും കേസ് കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരിയാണെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.
അതേസമയം പി.കെ. ശശിക്കെതിരെ അച്ചടക്കനടപടി ഏറെക്കുറെ ഉറപ്പായതോടെ സ്വന്തം പക്ഷക്കാരും അദ്ദേഹത്തെ കൈവിടുകയാണ്. വിശ്വസ്തരെ കുത്തിനിറച്ച പാലക്കാട് ജില്ല സെക്രട്ടേറിയറ്റില്‍ ശശിയുടെ പിന്തുണ ദിനംപ്രതി കുറഞ്ഞുവരികയാണ്. കേന്ദ്രനേതൃത്വം വരെ ഇടപെട്ടതിനാല്‍ ഒപ്പം നിന്ന് പ്രശ്‌നത്തില്‍ ചാടേണ്ടെന്നാണ് മിക്ക സെക്രട്ടേറിയറ്റംഗങ്ങളുടേയും നിലപാട്. കടുത്ത അച്ചടക്ക നടപടിക്ക് വിധേയനായാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും ചില നേതാക്കള്‍ പറയുന്നു.