മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ 400 കോടി ക്ലബിൽ ഇടം നേടി. പത്ത് ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചത്. ഈ വർഷം 400 കോടി ക്ലബിൽ ഇടം നേടുന്ന രണ്ടാം ചിത്രമാണ് പൊന്നിയിൻ സെൽവൻ. കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ ആയിരുന്നു ഈ വർഷം 400 കോടി നേടിയ ആദ്യ തമിഴ് ചിത്രം.നിരവധി ബോക്സോഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ടാണ് പൊന്നിയിൻ സെൽവൻ 400 കോടി നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ വർഷം ഇന്ത്യയിൽ നിന്നും യുഎസിൽ നിന്നും ഏറ്റവും അധികം കളക്ഷൻ നേടുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. രജനികാന്തിന്റെ ‘2.0’യെ മറികടക്കുകയും യുഎസ് ബോക്സോഫീസ് കളക്ഷനിൽ ഏകദേശം 6 മില്യൺ ഡോളർ നേടുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
പത്താം നൂറ്റാണ്ടിൽ, ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടർച്ചയായ പ്രതിസന്ധികളും അപകടങ്ങളും, സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പൊന്നിയിൻ സെൽവൻ. ചിത്രം ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ് ഒരുക്കിയത്.പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗം ഒമ്പത് മാസത്തിനുള്ളിൽ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്എക്സ് വർക്കുകൾ ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിൻ സെൽവനിൽ അണിനിരക്കുന്നത്.