യമരാജന് ശേഷം ഗണേശന്‍ ;പുതിയ വേഷത്തില്‍ റോഡ് സുരക്ഷ ക്യാമ്പയിനുമായി ബംഗളൂരു പൊലീസ്

bengaluru

ബംഗളൂരു :റോഡ് സുരക്ഷാ ക്യാമ്പയിനുമായി യമരാജന്‍ റോഡില്‍ കറങ്ങി നടക്കുന്നത് വാര്‍ത്തയായിരുന്നു. രാജ്യത്തിന്റെ പ്രധാന സിറ്റികളിലെല്ലാം തന്നെ ഇത്തരത്തില്‍ വേഷവിധാനം ചെയ്ത യമരാജന്‍മാരെ കാണാമായിരുന്നു. എന്നാലിതാ യമരാജന് ശേഷം ഗണേശനുമായി വന്നിരിക്കുകയാണ് ബംഗളൂരു പൊലീസ്.

തിങ്കളാഴ്ചയാണ് ഗണേശ വേഷത്തില്‍ റോഡ് സുരക്ഷാ ക്യാമ്പയിനുമായി ബംഗളൂരു പൊലീസ് നിരത്തിലിറങ്ങിയത്. യമരാജനെ കണ്ട് മതിയായവര്‍ക്ക് പുതിയ ഒരു അനുഭവം ആയിരുന്നു ഗണേശ വേഷം.

പ്രധാനമായും റോഡില്‍ പാലിക്കേണ്ട നിയമങ്ങളും മറ്റുമാണ് പൊലീസ് ഇത്തരത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുന്നത്. യമരാജ വേഷത്തില്‍ വന്ന് ആളുകളെ ചെറിയ രീതിയില്‍ ഭയപ്പെടുത്തി റോഡ് നിയമങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍, ഗണേശ രൂപത്തിലെത്തുമ്പോള്‍ അത് ഉപദേശമായി മാറിയെന്നു തോന്നും.

കഴിഞ്ഞ മാസമാണ് യമരാജന്റെ വേഷം ധരിച്ച് റോഡ് സുരക്ഷയെ കുറിച്ച് ആളുകളില്‍ ബംഗളൂരു പൊലീസ് ബോധവത്കരണം നടത്തിയത്. റോഡിലെ ചെറിയ അപകടങ്ങള്‍ വരെ മരണത്തിന് കാരണമായേക്കാം, അതിനാല്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുക, ജീവന്‍ സംരക്ഷിക്കുക എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം.

ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക, കാറുകള്‍ ഉപയോഗിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കുക എന്നിവയാണ് ഗണേശന്റെ പ്രധാന ഉപദേശങ്ങള്‍.

Top