ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ എട്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
സര്‍വകലാശാലയുടെ ഉന്നത അന്വേഷണ സമിതിയാണ് തീരുമാനം എടുത്തത്. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ജനറല്‍ സെക്രട്ടറി രമ നാഗ എന്നിവര്‍ അടക്കം എട്ടുപേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് നടപടി.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കും.
മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. ഇന്നലെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടു പേരെയും അക്കാദമിക് കാര്യങ്ങളില്‍ നിന്ന് വിലക്കാന്‍ തീരുമാനിച്ചത്.
യുണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ബുപീന്ദര്‍ സുട്ഷി തീരുമാനം പ്രഖ്യാപിച്ചു. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംഘം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജെഎന്‍യുവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് നടപടി. അച്ചടക്കരാഹിത്യത്തിനും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതിനുമാണ് നടപടി എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കനയ്യ കുമാര്‍, രാമ നാഗ എന്നിവര്‍ക്കു പുറമേ അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിയുടെ മുഖ്യസംഘാടകന്‍ സയ്യിദ് ഉമര്‍ ഖാലിദ്, അനിര്‍ബഗന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, അനന്ദ് പ്രകാശ് നാരായണ്‍, ഐശ്വര്യ അധികാരി, ശ്വേതാ രാജ് എന്നിവരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍.
എന്നാല്‍, ഇവരോട് ഹോസ്റ്റലില്‍ നിന്ന് പുറത്തു പോകാന്‍ ആവശ്യപ്പെട്ടിട്ടില്ല. ക്ലാസില്‍ കയറുന്നതിനു മാത്രമാണ് വിലക്ക്. അതേസമയം, വിദ്യാര്‍ത്ഥികള്‍ നാളെ പഠിപ്പുമുടക്കി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കുമാറിനെയും മറ്റുള്ളവരെയും വിട്ടയയ്ക്കുന്നതു വരെ പഠിപ്പുമുടക്കി സമരം നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും രംഗത്തെത്തി. അധ്യാപക സംഘടനകള്‍ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും.