Afzal Guru – JNU – JNU stir – vc

ന്യൂഡല്‍ഹി: അധികൃതര്‍ പ്രഖ്യാപിച്ച പുറത്താക്കലും പിഴ ചുമത്തലും ഉള്‍പ്പെടെ ശിക്ഷാ നടപടികള്‍ക്കെതിരെ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ രണ്ടു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒരാഴ്ച പിന്നിട്ടു.

അഫ്‌സല്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച് ചട്ടങ്ങള്‍ ലംഘിച്ചെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തിയെന്നും ആരോപിച്ച് ശിക്ഷ വിധിച്ചതിന് വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷന്‍ കനയ്യ കുമാര്‍ ഉള്‍പ്പെടെ ഇടതു വിദ്യാര്‍ഥികളും മാര്‍ഗതടസ്സം സൃഷ്ടിച്ചതിന് പിഴ ചുമത്തപ്പെട്ട യൂനിയന്‍ ജോ. സെക്രട്ടറി സൗരഭ് ശര്‍മയുടെ നേതൃത്വത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകരുമാണ് സമരം ചെയ്യുന്നത്.

ചൂട്ടുപൊള്ളുന്ന വേനല്‍ വകവെക്കാതെ സമരം തുടരുന്ന വിദ്യാര്‍ഥികളില്‍ പലരുടെയും ആരോഗ്യനില മോശമായി. അതിനിടെ, നിയമവിരുദ്ധ നിരാഹാരസമരത്തില്‍നിന്ന് പിന്‍തിരിയണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ജഗദേശ് കുമാര്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.

കടുത്ത കാലാവസ്ഥയില്‍ നടത്തുന്ന സമരം വിദ്യാര്‍ഥികളുടെ ആരോഗ്യത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കും. ഭരണഘടനാനുസൃത സമരമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും വി.സി പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദേശിച്ചു.

വിദ്യാര്‍ഥികളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെല്ലാം ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കാം എന്ന നിലപാടാണ് സര്‍വകലാശാലക്കെന്നും അദ്ദേഹം പറയുന്നു.

വി.സിയുടെ കുറിപ്പിനെ തുടര്‍ന്ന് ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് എ.ബി.വി.പി പ്രഖ്യാപിച്ചു. എന്നാല്‍, രാജ്യത്തെ ഒരു നിയമത്തെയും ഹനിക്കാതെ നടത്തുന്ന സമരത്തെ നിയമവിരുദ്ധമെന്ന് വിളിക്കുന്ന വി.സിയുടേത് ഭീഷണി സ്വരമാണെന്ന് വിദ്യാര്‍ഥി യൂനിയന്‍ ജനറല്‍ സെക്രട്ടറി രാമനാഗ പറഞ്ഞു.

ജെ.എന്‍.യുവില്‍ ആദ്യമായല്ല ഇത്തരം സമരം നടക്കുന്നത്. പൊലീസ് നടപടിക്ക് കൂട്ടുനിന്നും വ്യാജ പ്രസ്താവനകള്‍ നല്‍കിയും തുടക്കം മുതല്‍ വിദ്യാര്‍ഥി താല്‍പര്യത്തിന് വിരുദ്ധ നിലപാടെടുത്ത വി.സി പക്ഷപാതം നിറഞ്ഞ ഉന്നത സമിതി റിപ്പോര്‍ട്ടിനെ ന്യായീകരിക്കാനാണ് ശ്രമിച്ചുപോരുന്നത്.

ചട്ടം ലംഘിച്ചതിനല്ല രാഷ്ട്രീയ നിലപാടിന്റെ പേരിലാണ് വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ്, മുജീബ് ഗാട്ടു എന്നിവരെ പുറത്താക്കാനും കനയ്യ, രാമനാഗ തുടങ്ങിയവര്‍ക്ക് പിഴ ഈടാക്കാനുമാണ് സര്‍വകലാശാല തീരുമാനിച്ചിരുന്നത്.

Top