ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് അധ്യാപകര്‍.
പൊലീസ് നടപടി ജനാധിപത്യത്തിനുനേരെയുള്ള ഭീഷണിയാണെന്ന് ജെഎന്‍യു അധ്യാപകസംഘടന പ്രതിനിധികള്‍ പ്രതികരിച്ചു. തീവ്ര നിലപാടുകളുള്ള ചിലര്‍ സര്‍വകലാശാലയിലെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാദ്യം വിളിച്ചുവെന്നാരോപിച്ചാണ് ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ കുമാറിനെ ഇന്നലെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹവും ഗൂഢാലോചനയുമാണ് കുറ്റങ്ങള്‍.
കന്‍ഹയ കുമാറിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡില്‍ വിട്ടു. പരിപാടിയുടെ സംഘാടകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
വൈസ് ചാന്‍സലറുടെ അനുമതിയില്ലാതെ പൊലീസ് സര്‍വകലാശാലയില്‍ പ്രവേശിച്ചതില്‍ അധ്യാപകര്‍ പ്രതിഷേധിച്ചു. പൊലീസ് നടപടി പ്രശ്‌നങ്ങള്‍ വഷളാക്കിയെന്നും സര്‍വകലാശാല ക്യാംപസില്‍ നിന്ന് പൊലീസിനെ ഉടന്‍ പിന്‍വലിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.
പൊലീസ് നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സലറുടെ ഓഫിസിനു മുന്നില്‍ പ്രതിഷേധിച്ചു. തീവ്രനിലപാടുകളുള്ള ചിലര്‍ സര്‍വകലാശാലയ്ക്കകത്തുള്ള സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും വിദ്യാര്‍ഥികള്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്നും വൈസ്ചാന്‍സലര്‍ എല്‍ ജഗദേഷ് കുമാര്‍ പറഞ്ഞു. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവങ്ങളാണ് സര്‍വകലാശാലയില്‍ നടന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രതികരിച്ചു.