പത്തനാപുരം : ഹൈടെക് മോഡല്‍ എ.ടി.എം കവര്‍ച്ചയില്‍ കൊല്ലം പത്തനാപുരം സ്വദേശിയുടെ അരലക്ഷം രൂപ നഷ്ടമായി.
പ്രവാസിയായ പത്തനാപുരം കല്ലുംകടവ് കളീക്കല്‍ വീട്ടില്‍ റിനുവിന്റെ പണമാണ് നഷ്ടമായത്. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.
ആദ്യം പതിനായിരം രൂപ പിന്‍വലിച്ച സന്ദേശം കിട്ടിയ ഉടന്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ അക്കൗണ്ട് മരവിപ്പിക്കും മുമ്പ് നാലു തവണകൂടി പണം കൊള്ളക്കാര്‍ പിന്‍വലിച്ചു.
അങ്ങനെയാണ് മൊത്തം അര ലക്ഷം നഷ്ടപ്പെട്ടത്. കോയമ്പത്തൂരിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിന്റെ എ.ടി.എമ്മില്‍ നിന്ന് രാത്രി 11നാണ് മോഷ്ടാക്കള്‍ പണം പിന്‍വലിച്ചത്.
ആദ്യ സന്ദേശം ലഭിച്ചപ്പോള്‍ തന്നെ എ.ടി.എം കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന നമ്പറില്‍ റിനു വര്‍ഗീസ് ബന്ധപ്പെട്ടിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന റിനു കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.
ഹൈടെക്ക് എ.ടി.എം തട്ടിപ്പിന്റെ അന്വേഷണ സംഘത്തിന് പരാതി കൈമാറി.