തിരുവനന്തപുരം : തലസ്ഥാനത്ത് എ.ടി.എം വഴിയും നെറ്റ്ബാങ്കിങ് വഴിയും രണ്ടു പേര്‍ക്ക് പണം നഷ്ടമായി. ചെമ്പഴത്തി സ്വദേശി വിനീതിന് നെറ്റ് ബാങ്കിങ് വഴി 49,000 രൂപയും വിവിധ എടിഎമ്മുകളില്‍ നിന്നായി പ്രവാസി മലയാളിയായ അരവിന്ദിന് 52500 രൂപയുമാണ് നഷ്ടമായത്.
കനറ ബാങ്കില്‍ അക്കൗണ്ടുള്ള വിനീതിന് കഴിഞ്ഞ ദിവസമാണ് നെറ്റ് ബാങ്കിങ് വഴി പണം പിന്‍വലിച്ചതായുള്ള മെസ്സേജ് വന്നത്. ഉടന്‍ തന്നെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസില്‍ പരാതി നല്‍കി.
മുമ്പ് നടന്ന എ.ടി.എം തട്ടിപ്പിന് സമാനമായ രീതിയിലാണ് പ്രവാസി മലയാളിയായ അരവിന്ദിന് പണം നഷ്ടമായത്.
ആക്‌സിസ് ബാങ്കില്‍ അക്കൗണ്ടുള്ള അരവിന്ദിന് വെള്ളിയാഴ്ച പുലര്‍ച്ചയാണ് 52,500 രൂപ വിവിധ എടിഎമ്മുകളില്‍ പിന്‍വലിച്ചതായുള്ള മെസ്സേജ് കിട്ടിയത്. അരവിന്ദ് ഇപ്പോള്‍ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.
അഞ്ചു തവണയായിട്ടാണ് പ്രയേറിറ്റി അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമായതെന്ന് അരവിന്ദ് പറഞ്ഞു. അതേ സമയം വെള്ളിയാഴ്ച അവധി ആയതിനാല്‍ ബാങ്കുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ നടപടികളിലേക്ക് ഇവര്‍ക്ക് കടക്കാനായിട്ടില്ല.