കണ്ണൂര്‍: ബി.ജെ.പി പ്രവര്‍ത്തകന്‍ കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നല്‍കി.
ചൊവ്വാഴ്ച തലശേരി ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ തവണ നോട്ടീസ് നല്‍കിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ പി. ജയരാജന്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് സിബിഐ നാലാം തവണ നോട്ടീസ് അയക്കുന്നത്.
കേസില്‍ ഒരു തവണ തിരുവനന്തപുരത്തു വച്ചു ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ചില രേഖകള്‍ ഹാജരാക്കാമെന്ന് അന്നു ജയരാജന്‍ സമ്മതിച്ചിരുന്നതായും എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ലെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, കയ്യിലില്ലാത്ത രേഖകള്‍ ഹാജരാക്കാനാണു സിബിഐ ഉദ്യോഗസ്ഥര്‍ തന്നോട് ആവശ്യപ്പെട്ടതെന്നു ജയരാജന്‍ പറഞ്ഞു.
കേസില്‍ ജയരാജന്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി അത് തള്ളിയിരുന്നു. നേരത്തെ തിരുവനന്തപുരം സി.ബി.ഐ ഓഫീസില്‍ വിളിച്ചു വരുത്തി ഒരു ദിവസം മുഴുവന്‍ ജയരാജന്റെ മൊഴിയെടുത്തിരുന്നു.
2014 സെപ്തംബര്‍ ഒന്നിനാണ് വീട്ടില്‍ നിന്ന് കാറില്‍ തലശേരിക്കുള്ള യാത്രയ്ക്കിടെ മനോജ് കൊല്ലപ്പെട്ടത്. ജയരാജന്‍ അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.