മാത്യു കുഴല്‍നാടനെതിരെ വീണ്ടും പരാതി, അഭിഭാഷകന്‍ ബിസിനസ് ചെയ്യരുത്; വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍

ഡല്‍ഹി: കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വീണ്ടും പരാതി. ബാര്‍ കൗണ്‍സിലിലാണ് പരാതി ഉയര്‍ന്നത്. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഡ്വക്കേറ്റ് സികെ സജീവ് ആണ് പരാതിക്കാരന്‍. ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്നും മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നടത്തുന്നതിന് തെളിവുകളുണ്ടെന്നുമാണ് പരാതിയില്‍ ആരോപിക്കുന്നത്. ഇത് ചട്ടലംഘനമായതിനാല്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. പരാതിയില്‍ മാത്യു കുഴല്‍നാടനോട് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

അതേസമയം മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയില്‍ പരിശോധന പൂര്‍ത്തിയാക്കിയ താലൂക്ക് സര്‍വേ വിഭാഗം തിങ്കളാഴ്ചയോടെ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയില്‍ നിലം ഉള്‍പ്പെടുന്നുണ്ടോ, ഉണ്ടെങ്കില്‍ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുക.

സ്ഥലത്ത് 4 മാസം മുന്‍പ് കടവൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയിരുന്നില്ല. വീണ്ടും വിവാദം ഉയര്‍ന്നപ്പോഴാണ് റവന്യു സര്‍വെ വിഭാഗം റീ സര്‍വ്വേക്ക് ഒരുങ്ങിയത്. റോഡിനായി സ്ഥലം വിട്ടുനില്‍കിയപ്പോള്‍,വീട്ടുവളപ്പിലേക്ക് വാഹനം കയറ്റാന്‍ ഒരു സെന്റ് സ്ഥലം മാത്രം മണ്ണിട്ട് നിറച്ചതായി കുഴല്‍നാടന്‍ നേരത്തെ അറിയിച്ചിരുന്നു.

Top