തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പു നല്‍കി.
ഈ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേരള തീരത്തിന് സമീപം തെക്കു-കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ദുര്‍ബലമായെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നല്‍ മേഘങ്ങള്‍ കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ഒഴികെയുള്ള 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.