ഉത്തര കൊറിയന്‍ നേതൃത്വത്തെ തകര്‍ത്തു കളയുമെന്ന് മുന്നറിയിപ്പുമായി വീണ്ടും യുഎസ്

ന്യൂയോര്‍ക്ക്: പ്രകോപന നടപടികള്‍ തുടരുന്ന ഉത്തര കൊറിയയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക.

യുദ്ധമുണ്ടായാല്‍ ഉത്തര കൊറിയന്‍ നേതൃത്വത്തെ തകര്‍ത്തു കളയുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി.

യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തില്‍ സംസാരിക്കവെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഉത്തര കൊറിയയോടുള്ള യുഎസ് നിലപാടു വ്യക്തമാക്കിയത്.

അത്യാധുനിക ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണം ഉത്തര കൊറിയ കഴിഞ്ഞ ദിവസം നടത്തിയതാണ് ട്രംപ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.

ഉത്തര കൊറിയയുമായുള്ള യുദ്ധം ഒരിക്കലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ, യുദ്ധമുണ്ടായാല്‍ അത് കഴിഞ്ഞ ദിവസത്തെപ്പോലുള്ള പ്രകോപനങ്ങള്‍ മൂലമായിരിക്കുമെന്നും നിക്കി ഹാലെ വ്യക്തമാക്കി.

മാത്രമല്ല, യുദ്ധമുണ്ടാകുകയാണെങ്കില്‍ ഉത്തര കൊറിയന്‍ ഭരണകൂടത്തെ നിശേഷം തകര്‍ത്തുകളയുമെന്നും, ഉത്തര കൊറിയയ്ക്ക് ഇപ്പോഴും പ്രധാനപ്പെട്ട സഹായം നല്‍കുന്നതു ചൈനയാണെന്നും, ഈ സാഹചര്യത്തില്‍ അങ്ങോട്ടുള്ള എണ്ണ വിതരണം അവസാനിപ്പിക്കണമെന്നു ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, എന്നാല്‍ ഇതുവരെ അതു നിര്‍ത്തലാക്കാന്‍ ചൈന തയാറായിട്ടില്ലെന്നും ഹാലെ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും തമ്മില്‍ ഉത്തര കൊറിയയില്‍ നിന്നുള്ള പ്രകോപനത്തെ സംബന്ധിച്ച് ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു.

ശേഷം, ഉത്തര കൊറിയയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും സാഹചര്യത്തെ നേരിടണമെന്നും ചിന്‍പിങ്ങിനോടു സംസാരിച്ചതായി ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു.

Top