തിരുവനന്തപുരം: മുന്‍ ധനമന്ത്രി കെ എം മാണി കോട്ടയത്തു നടത്തിയ സമൂഹവിവാഹത്തില്‍ ചെലവഴിച്ച പണം എവിടെനിന്നെന്നു കണ്ടെത്താന്‍ വിജിലന്‍സ് ത്വരിതപരിശോധനയക്ക് ഉത്തരവ്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. അഞ്ചു കോടി രൂപ ചെലവഴിച്ചാണു കെ എം മാണിയുടെ നേതൃത്വത്തില്‍ 150 യുവതികളുടെ സമൂഹവിവാഹം നടത്തിയത്. ബാര്‍ കോഴയ്ക്കും കോഴിക്കോഴയ്ക്കും ശേഷം കെ എം മാണിക്കുമേല്‍ കൂടുതല്‍ കുരുക്കു മുറുകുന്നതായാണു വ്യക്തമാകുന്നത്.
ഓരോ യുവതിക്കും അഞ്ചു പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും നല്‍കിയാണു സമൂഹവിവാഹം നടത്തിയത്. ഇതിനുള്ള പണം എവിടെനിന്നാണു മാണിക്കു ലഭിച്ചതെന്നായിരിക്കും വിജിലന്‍സ് അന്വേഷിക്കുന്നത്.
തിരുവനന്തപുരം പായിച്ചറ സ്വദേശി നവാസിന്റെ ഹര്‍ജിയിലാണു നടപടി. 2015ലാണു മാണി 150 യുവതികളുടെ സമൂഹ വിവാഹം നടത്തിയത്. ബാര്‍ ഉടമകളില്‍നിന്നു കോഴ വാങ്ങിയെന്ന കേസില്‍ എസ് പി സുകേശന്‍ നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വര്‍ണക്കട ഉടമകള്‍ക്ക് ആദായനികുതി കുറച്ചുകൊടുക്കാന്‍ പണം കൈപ്പറ്റി എന്ന കേസിലും ഇറച്ചിക്കോഴി കച്ചവടക്കാര്‍ക്കു നികുതി ഇളവു ചെയ്തു കൊടുത്ത കേസിലും കെ എം മാണി നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.
കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണു കോട്ടയം മാമന്‍മാപ്പിള ഹാളില്‍ കെ എം മാണിയുടെ നേതൃത്വത്തില്‍ സമൂഹവിവാഹം നടന്നത്.
ബാര്‍ ഉടമകളില്‍നിന്നു കൈപ്പറ്റിയ കോഴപ്പണമാണു സമൂഹവിവാഹത്തിനായി ചെലവഴിച്ചതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണു വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ നല്‍കിയ പട്ടിക അനുസരിച്ചായിരുന്നു വിവാഹം നടത്തിയത്. ഈ വിവാഹങ്ങള്‍ ഒന്നും കോട്ടയം നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരാതിക്കാരന്‍ നവാസ് പറയുന്നു.
അഞ്ചു പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപ പോക്കറ്റ് മണിയും നല്‍കിയെന്നും,ഇതിനായി അഞ്ചു കോടി രൂപ ചെലവഴിക്കുകയാണെന്നും കെ എം മാണിയും സി എഫ് തോമസും പി ജെ ജോസഫും പ്രഖ്യാപിച്ചിരുന്നു.
തങ്ങള്‍ കോടിക്കണക്കിനു രൂപ ചെലവഴിച്ച് പാര്‍ട്ടി സമ്മേളനം നടത്തുമ്പോള്‍ മാനുഷിക പരിഗണന വച്ചാണു വിവാഹം നടത്തുന്നതെന്നും നേതാക്കള്‍ പറഞ്ഞിരുന്നു.
വിവാഹിതരായ യുവതികള്‍ക്കു നല്‍കിയ സ്വര്‍ണം കോട്ടയത്തെ ഒരു ജുവല്‍റി സംഭാവന നല്‍കിയതാണ്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത് കൊല്ലത്തെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന ബാബു വൈദ്യരാണ്.
ബാബു വൈദ്യരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍മാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടന്നിരുന്നു എന്നും ബാബു വൈദ്യര്‍ പറഞ്ഞിരുന്നു.
ഇരുപത്തഞ്ചു ലക്ഷം രൂപയാണ് ഓരോരുത്തരുടെ കൈയില്‍നിന്നും വാങ്ങിയത്. അതില്‍ പതിനഞ്ചു ലക്ഷം രൂപ മാണിക്കു കൊടുത്തു എന്നതിനു വീഡിയോ തെളിവുണ്ട്.
120 ഗവണ്‍മെന്റ് പ്ലീഡര്‍മാരെ നിയമിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. കെ എസ് എഫ് ഇ നിയമനത്തില്‍ വ്യാപകമായി കൈക്കൂലി വാങ്ങിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം ചേര്‍ത്താണു താന്‍ പരാതി നല്‍കിയതെന്നും നവാസ് പറഞ്ഞു.