against-bail-of-nehru-college-chairman krishnadas

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.

മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

ചൊവ്വാഴ്ച ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന്റെ വാദം കൂടി കേള്‍ക്കണമെന്നും കഴിഞ്ഞ ദിവസം കൃഷ്ണദാസ് മുന്‍കൂര്‍ ജാമ്യം നേടിയത് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

കളക്ടര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കണമെന്ന് പറഞ്ഞാണ് കൃഷ്ണദാസ് അറസ്റ്റ് ഒഴിവാക്കിയുള്ള മുന്‍കൂര്‍ ജാമ്യം നേടിയത്. എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതിന് മുന്‍പ് തന്നെ യോഗം കഴിഞ്ഞിരുന്നതാണെന്നും കോടതിയെ ഇയാള്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

നേരത്തെ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ക്കാതിരുന്നത് വിവാദമായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കാനിരിക്കെയാണ് നിലപാട് പൊലീസ് കോടതിയെ അറിയിച്ചത്.

കേസിലെ രണ്ടാം പ്രതിയും നെഹ്‌റു കോളജ് പിആര്‍ഒയുമായ സഞ്ജിത് കെ വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. തൃശൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയത്. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് സഞ്ജിത്തിന്റെ ജാമ്യാപേക്ഷ മറ്റന്നാളത്തേക്ക് മാറ്റിയത്.

അതേസമയം സര്‍ക്കാര്‍ അഭിഭാഷകനും കൃഷ്ണദാസും തമ്മിലുള്ള ഒത്തുകളിയിലൂടെയാണ് മുന്‍കൂര്‍ ജാമ്യം നേടിയതെന്ന് ജിഷ്ണുവിന്റെ ബന്ധുക്കളും ആരോപിക്കുന്നുണ്ട്.

Top