ഗുഡ്ഗാവ്: ബ്ലൂ വെയില്‍ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പിടിയില്‍ നിന്നും കുട്ടികളെ രക്ഷിക്കാന്‍ ഹരിയാണയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കണമെന്ന് സംസ്ഥാന ചില്‍ഡ്രന്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍.
സ്വഭാവ വൈകൃതം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ അധ്യാപകര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ച് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ബ്ലൂവെയില്‍ ചലഞ്ചില്‍ പതിയിരിക്കുന്ന അപകടങ്ങളെ കുറിച്ച് ബോധവത്കരണം നടത്താനാണ് നിര്‍ദേശം.
ഈ ചലഞ്ചില്‍ അംഗമായി ലോകത്തിന്റെ വിവിധയിടങ്ങളിലായി നിരവധി കുട്ടികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് കമ്മീഷന്റെ പുതിയ നടപടി.
50 ടാസ്‌കുകളുള്ള ഒരു ഇന്റര്‍നെറ്റ് ചലഞ്ചാണ് ബ്ലൂവെയില്‍. വളരെ ക്രൂരമായ ടാസ്‌കുകളാണ് ഇതില്‍ ഭൂരിഭാഗവും. ഇതിലെ ഒടുവിലെ ടാസ്‌ക് ആയി ആവശ്യപ്പെടുന്നത് ചലഞ്ച് ഏറ്റെടുത്തയാളുടെ ആത്മഹത്യയാണ്.
എന്നാല്‍, അതുവരെ പൂര്‍ത്തിയാക്കിയ ചലഞ്ചുകളുടെ ഫോട്ടോ അവര്‍ക്ക് അയച്ചു നല്‍കണമെന്നാണ് ചലഞ്ചിലെ നിയമം. മാത്രമല്ല, മരണം വരിക്കുന്നതിന് മുമ്പ് തെളിവുകളെല്ലാം നശിപ്പിക്കുകയും വേണം.
ഇതിനോടകം നിരവധി കുട്ടികള്‍ ബ്ലൂ വെയില്‍ ഗെയിമിന്റെ പിടിയില്‍ അകപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്.