ഫ്‌ലോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി- 20 മല്‍സരത്തിലെ വികാര പ്രകടനങ്ങളുടെ പേരില്‍ ഇന്ത്യന്‍ യുവപേസര്‍ നവ്ദീപ് സെയ്‌നിക്കെതിരെ നടപടി. വിന്‍ഡീസ് താരം നിക്കോളാസ് പുരാനെ പുറത്താക്കിയപ്പോള്‍ താരം ഐ.സി.സി പെരുമാറ്റച്ചട്ടത്തിനെതിരായി പെരുമാറിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 സെയ്‌നി ലംഘിച്ചെന്നാണു കണ്ടെത്തല്‍. ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയശേഷം അവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നതു വിലക്കുന്നതാണു നിയമം. നിയമം ലംഘിച്ചതിനാല്‍ സെയ്‌നിക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു.
മല്‍സരം നടക്കുമ്പോള്‍ ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിഗേല്‍ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, തേര്‍ഡ് അംപയര്‍ ലെസ്‌ലി റെയ്ഫര്‍, പാട്രിക് ഗസ്റ്റാഡ് എന്നിവരാണു സെയ്‌നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. സെയ്‌നി സ്വമേധയാ കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായി വിശദീകരണം കേള്‍ക്കല്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ഒന്നാം ട്വന്റി- 20 മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് സെയ്‌നിയായിരുന്നു. മല്‍സരത്തില്‍ മികച്ച ബോളിങ് പ്രകടനം പുറത്തെടുത്ത സെയ്‌നി 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. വിന്‍ഡീസിനെതിരെ 20-ാം ഓവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെയാണ് സെയ്‌നി പൂര്‍ത്തിയാക്കിയത്. ട്വന്റി- 20 രാജ്യാന്തര മല്‍സരത്തില്‍ 20-ാം ഓവര്‍ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി സെയ്‌നി ഇതോടെ മാറി. നാല് വിക്കറ്റിന് ഇന്ത്യ കളി ജയിക്കുകയും ചെയ്തു. ഇന്നലെ ഫ്‌ലോറിഡയില്‍ നടന്ന രണ്ടാം മല്‍സരവും ജയിച്ച് ട്വന്റി- 20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.