against terrorism-chaina- committed-support- Kerala EX cadre IPS

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ ഇന്ത്യാ-ചൈനാ സഹകരണത്തിന് ചുക്കാന്‍ പിടിച്ചത് കേരള കേഡര്‍ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ആര്‍.എന്‍ രവി.

ഉറി ഭീകരാക്രമണത്തിനു ശേഷം പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന ചൈനയെ തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യയുമായി സഹകരിപ്പിക്കാനുള്ള നിര്‍ണ്ണായക നീക്കം നടത്തിയത് ഇന്ത്യയുടെ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.എന്‍ രവിയാണ്.

ബീജിങ്ങില്‍ ചൈനീസ് സെന്‍ട്രല്‍ പൊളിറ്റിക്കല്‍ ആന്റ് ലീഗല്‍ അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ വാങ് യോങിങുമായി രവി നടത്തിയ ചര്‍ച്ചയിലാണ് തീവ്രവാത്തിനെതിരെ ഇന്ത്യയുമായി കൈകോര്‍ക്കാന്‍ ചൈന തയ്യാറായത്.

ഉറി ഭീകരാക്രമണത്തില്‍ ചൈനീസ് പിന്തുണ പ്രതീക്ഷിച്ച പാക്കിസ്ഥാന് ശക്തമായ തിരിച്ചടിയായിരുന്നു ഇന്ത്യയുടെ ഈ നീക്കം.

1976 ബാച്ച് കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആര്‍.എന്‍ രവി 2012ല്‍ ഐ.ബി സ്‌പെഷല്‍ ഡയറക്ടറായാണ് വിരമിച്ചത്. സര്‍വീസിലെ പ്രവര്‍ത്തനമികവ് കണക്കിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ഇടപെട്ടാണ് 2014 ആഗസ്റ്റില്‍ രവിയെ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി ചെയര്‍മാനായി നിയമിച്ചത്.

കേന്ദ്ര സര്‍ക്കാരിന് തീരാതലവേദനയായിരുന്ന നാഗാകലാപകാരികളെ ചര്‍ച്ചയിലൂടെ സമാധാനകരാറിലേക്കെത്തിച്ചത് രവിയുടെ തന്ത്രപരമായ നീക്കങ്ങളായിരുന്നു.

60 വര്‍ഷത്തെ സായുധകലാപങ്ങള്‍ക്ക് വിരാമമിട്ട് വടക്ക് കിഴക്കന്‍ മേഖലയില്‍ സമാധാനം സ്ഥാപിക്കാനുള്ള സുപ്രധാനമായ നീക്കമായിരുന്നു അത്.

തലശേരി എ.എസ്.പിയായിരിക്കെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും പ്രതികളെ പിടിക്കുന്നതിലും കഴിവുതെളിയിച്ച ഓഫീസറായിരുന്നു രവി.

പിണറായി വിജയന്‍ കൂത്തുപറമ്പ് എം.എല്‍.എയായിരിക്കെ അന്നത്തെ എ.എസ്.പിയായിരുന്ന രവിയെ കണ്ട് രാഷ്ട്രീയ സംഘട്ടനത്തില്‍ പോലീസ് പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെയല്ലെന്നു പരാതി പറഞ്ഞിരുന്നു.

പരിശോധിക്കാമെന്നായിരുന്നു രവിയുടെ മറുപടി. എന്നാല്‍ പിണറായി വീട്ടിലെത്തും മുമ്പെ യഥാര്‍ത്ഥ പ്രതികളെ പോലീസ് പിടിച്ചു. മിടുമിടുക്കനായ പോലീസ് ഓഫീസറാണ് രവിയെന്നായിരുന്നു അന്നു പിണറായിയുടെ സര്‍ട്ടിഫിക്കറ്റ്.

അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ആഭ്യന്തരമന്ത്രി വയലാര്‍ രവിയും മിടുക്കനായ പോലീസ് ഉദ്യോഗസ്ഥനെന്ന വിശേഷണമാണ് രവിക്കു നല്‍കിയിരുന്നത്.

പിന്നീട് കേരള കേഡറില്‍ നിന്നും കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷനിലേക്കു പോവുകയായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയോറുകാരനായ ആര്‍.എന്‍ രവി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായി മുന്‍ കേരള കേഡര്‍ ഉദ്യോഗസ്ഥനായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് കുമാര്‍ ഡോവലിനൊപ്പം ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സികളുടെ ഏകീകരണ ചുമതലയാണിപ്പോള്‍ രവിക്ക്.

പലപ്പോഴും സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലും ഒഴിവാക്കി സാധാരണക്കാരനെപ്പോലെ ആള്‍ക്കൂട്ടത്തിനിടയില്‍ നടക്കുന്ന സവിശേഷ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം.

Top