ന്യൂഡല്‍ഹി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട് താന്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്ന് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന ക്രിസ്ത്യന്‍ മിഷേല്‍. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് പോലെ മിഷേല്‍ ആരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകന്‍ അജിത് കെ. ജോസഫ് കോടതിയില്‍ പറഞ്ഞത്.
ഈ വിഷയം വിവാദമുയര്‍ത്തി നില നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അഭിഭാഷകന്‍ ആരോപിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് മിഷേലിന് നല്‍കുന്നതിന് മുന്‍പ് തന്നെ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതായും അഭിഭാഷകന്‍ ആരോപിച്ചു. കോടതിയുടെ പരിഗണനയിലിരിക്കുന്ന കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെയും മിഷേലിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു.
കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് അനുബന്ധ കുറ്റപത്രം നല്‍കിയത്. ഹെലികോപ്ടര്‍ ഇടപാടില്‍ തടസമുണ്ടായപ്പോള്‍ പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഭരണകക്ഷിയിലെ പ്രധാനികള്‍ക്കും പണം നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ ഏതാനും ഭാഗങ്ങളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ പുറത്ത് വിട്ടത്. ഇതില്‍ യുപി അധ്യക്ഷ സോണിയ ഗാന്ധിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിന്റെയും പേരുകള്‍ പരാമര്‍ശിക്കുന്ന മിഷേലിന്റെ ഡയറിക്കുറിപ്പുകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറ്റപത്രം കോടതി അംഗീകരിക്കും മുമ്പാണ് മാധ്യമങ്ങളില്‍ ഇത് വന്നത്.
മിഷേലിന്റെ ഹര്‍ജിയില്‍ കോടതി ഇഡിക്ക് നോട്ടീസ് അയച്ചു. അതേസമയം കുറ്റപത്രത്തിലെ തെരഞ്ഞെടുത്ത ഭാഗങ്ങള്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ കണ്ട് ചോര്‍ത്തി നല്‍കിയത് ബിജെപിയുടെ തരം താണ രാഷ്ട്രീയക്കളിയാണെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.