തിരുവനന്തപുരം: ലഡു വിതരണം മറയാക്കി തച്ചങ്കരിയെ മാറ്റിച്ച എന്‍സിപി നേതൃത്വത്തിനെയും വകുപ്പ് മന്ത്രിയേയും വെട്ടിലാക്കി പിണറായിയുടെ തീരുമാനം.
വകുപ്പ് മന്ത്രിക്ക് അസ്വീകാര്യനായ വ്യക്തിയെ തുടരാന്‍ അനുവദിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചപ്പോഴും തച്ചങ്കരിയുടെ പകരക്കാരന്റെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചക്കും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് കേരള പൊലീസില്‍ ഏറ്റവുമധികം ക്ലീന്‍ ഇമേജുള്ള ഓഫീസര്‍മാരില്‍ പ്രധാനിയായ ക്രൈംബ്രാഞ്ച് മേധാവി അനന്തകൃഷ്ണനെയാണ് അഴിമതിയുടെ വിളഭൂമിയായി കരുതപ്പെടുന്ന ട്രാന്‍സ്‌പോര്‍ട്ട് വകുപ്പില്‍ കമ്മീഷണറായി പിണറായി ഇടപെട്ട് നിയമിച്ചത്.
പൊതുവെ കര്‍ക്കശക്കാരനായ ഉദ്യോഗസ്ഥനായി അറിയപ്പെടുന്ന അനന്തകൃഷ്ണന്‍ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാത്ത ഉദ്യോഗസ്ഥനാണ്.
തച്ചങ്കരിയെ സ്ഥലം മാറ്റുന്നതിന് ഇടപെടാന്‍ എന്‍സിപി നേതൃത്വത്തെ പ്രേരിപ്പിച്ചത് മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലം മാറ്റങ്ങള്‍ സ്വന്തം നിലക്ക് തച്ചങ്കരി ഇടപെട്ട് നടത്തിയതിനാണ്. ലഡു വിതരണവും പിറന്നാള്‍ ആഘോഷവുമെല്ലാം ഒരു കാരണമാക്കിയെന്ന് മാത്രം.
ഒടുവിലായി കഴിഞ്ഞ ദിവസം ഇറങ്ങിയ എഎംവിഐ സ്ഥലമാറ്റ ലിസ്റ്റില്‍ പോലും വകുപ്പ് മന്ത്രിയുടെ ഓഫീസ് വഴി എന്‍സിപി നേതൃത്വം നല്‍കിയ നിര്‍ദ്ദേശം തച്ചങ്കരി പരിഗണിച്ചിരുന്നില്ല.
മാനദണ്ഡം നിശ്ചയിച്ച് കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് സ്ഥലം മാറ്റപ്പെടേണ്ടവരുടെ അഭിപ്രായം അടക്കം ശേഖരിച്ചായിരുന്നു നിയമന ഉത്തരവ് പുറത്തിറക്കിയിരുന്നത്.
അതിനാല്‍ ഈ ഉത്തരവിനെ പരസ്യമായി എതിര്‍ക്കാന്‍ വകുപ്പ് മന്ത്രിക്ക് പോലും കഴിഞ്ഞിരുന്നില്ല.
അതേസമയം നിയമനങ്ങളില്‍ അഴിമതിയുണ്ടെന്നും അവ റദ്ദാക്കണമെന്നുമാണ് ഒരു വിഭാഗം എന്‍സിപി നേതാക്കളുടെ അഭിപ്രായം.
പുതിയ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ മുന്‍നിര്‍ത്തി സ്ഥലമാറ്റങ്ങള്‍ മരവിപ്പിക്കാമെന്നും പാര്‍ട്ടി ലിസ്റ്റ് പ്രകാരം നടത്താമെന്നുമുള്ള എന്‍സിപി നേതൃത്വത്തിന്റെ സ്വപ്നങ്ങള്‍ മുഖ്യമന്ത്രിയുടെ പുതിയ തീരുമാനത്തോടെ തകിടം മറിഞ്ഞിരിക്കുകയാണ്.
തച്ചങ്കരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ‘നിയമം നിയമത്തിന്റെ വഴിക്ക്’ എന്ന വാമൊഴി പ്രാവര്‍ത്തികമാക്കിയ ചരിത്രമുള്ള അനന്തകൃഷ്ണനുമായി ശുപാര്‍ശ കാര്യങ്ങള്‍ സംസാരിക്കാന്‍ ഇനി മന്ത്രി ഓഫീസിന് പോലും മുട്ടിടിക്കേണ്ടി വരും.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാനും ഔദ്യോഗിക കാര്യങ്ങള്‍ പോലും പുറത്ത് പറയാന്‍ മടിക്കുകയും ചെയ്യുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.
നിയമവിരുദ്ധ പ്രവര്‍ത്തിക്ക് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്ന ഐ ജി ശ്രീജിത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച് അതില്‍ കഴമ്പുണ്ടെന്നും വകുപ്പ്തല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയതും ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന അനന്തകൃഷ്ണനായിരുന്നു.
നീണ്ടകാല സര്‍വ്വീസിനിടയില്‍ മികച്ച ഉദ്യോഗസ്ഥനെന്ന് ഇതിനകം പേരെടുത്ത അനന്തകൃഷ്ണന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ അഴിമതിക്കാര്‍ക്ക് ഇപ്പോള്‍ തന്നെ പേടി സ്വപ്നമായി കഴിഞ്ഞു.