കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജനസംഖ്യ ക്രമീകരണത്തിന്റെ ഭാഗമായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രായപരിധി നിയമം പ്രാബല്യത്തിലായാല്‍ അറുപതിനായിരത്തിലേറെ വിദേശികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. 60 വയസിന് മുകളില്‍ പ്രായമുള്ള ഏകദേശം 60000 ത്തോളം തൊഴിലാളികളാണ് ഗള്‍ഫ് രാജ്യത്തുള്ളത്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജോലി നഷ്ടമാകാനും സാധ്യതയുണ്ട്.
60 വയസ് പൂര്‍ത്തിയായ വിദേശികള്‍ക്ക് തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുകയോ, പുതിയ പെര്‍മിറ്റ് അനുവദിക്കുകയോ ചെയ്യുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനത്തെ പ്രൈവറ്റ് സെക്റ്റര്‍ വര്‍ക്കേഴ്‌സ് യൂണിയനും, ഫെഡറേഷന്‍ ഓഫ് കുവൈറ്റ് ലേബര്‍ യൂണിയന്‍സും സ്വാഗതം ചെയ്തു .
വിദേശികള്‍ രാജ്യം വിട്ടു പോകേണ്ടിവന്നാല്‍ ഇത് വഴി യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരം ലഭിക്കുമെന്നും പ്രൈവറ്റ് സെക്റ്റര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ചെയര്‍മാന്‍ മന്‍സൂര്‍ അല്‍ മുതൈരി വ്യക്തമാക്കി. ഈ അവസരം പ്രയോജനപ്പെടുത്തി സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ മിനിമം വേതനം അന്താരാഷ്ട്ര നിലവാരത്തില്‍ പരിഷ്‌കരിക്കണമെന്നു ഫെഡറേഷന്‍ ഓഫ് ലേബര്‍ യൂണിയന്‍സ് ചെയര്‍മാന്‍ എന്‍ജിനീയര്‍ സാലെം അല്‍ അജ്മി പറഞ്ഞു.
പ്രായപരിധി നിയമം നടപ്പാക്കാന്‍ ആഭ്യന്തര തൊഴില്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട് . ഇനി ഇത് സംബന്ധിച്ചുള്ള നിയമ നിര്‍മാണവും ഔദ്യോഗിക നടപടിക്രമങ്ങളുമാണ് ബാക്കിയുള്ളത്. ജനസംഖ്യയിലെ അസന്തുലിതത്വം ഇല്ലാതാക്കാനും തൊഴില്‍ വിപണി ക്രമീകരിക്കാനും ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വദേശി സമൂഹം പൊതുവെ സ്വാഗതം ചെയ്തിട്ടുണ്ട് . ഇത് കൊണ്ട് തന്നെ പാര്‍ലമെന്റില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യാക്രമീകരണ നടപടികള്‍ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങള്‍ അടുത്ത ആഴ്ചയോടെ ഉണ്ടാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.