പ്രതിരോധ രംഗത്ത് പൊന്‍തൂവല്‍; ആണവ ശേഷി മിസൈല്‍ അഗ്നി 5 വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ആണവ ശേഷിയുള്ള ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തെ അബ്ദുല്‍ കലാം ദ്വീപില്‍ വച്ചാണ് മിസൈല്‍ പരീക്ഷിച്ചത്. 5000 കിലോമീറ്റര്‍ പരിധിയുള്ള, ആണവായുധങ്ങളെ വഹിക്കാന്‍ ശേഷിയുള്ളതാണ് അഗ്നി-5.

അഗ്നിയുടെ ഏഴാമത്തെ പരീക്ഷണമാണ് ഇന്ന് നടന്നത്. ഭൗമോപരിതലത്തിലെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനാണ് ഇത് ഉപകരിക്കുക.

മൂന്ന് തലങ്ങളാണ് അഗ്നി-5 നുള്ളത്. 17 മീറ്ററാണ് ഇതിന്റെ ഉയരം. രണ്ട് മീറ്റര്‍ വീതിയുള്ള ഈ മിസൈല്‍ 1.5 ടണ്‍ ന്യൂക്ലിയര്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്.

അഗ്നിയുടെ മുന്‍കാല പതിപ്പുകളേക്കാള്‍ ഗതിനിര്‍ണ്ണയത്തിനും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും ഇത് വളരെ ആധുനികമാണ്. ലോഞ്ചര്‍ പാഡ്-4 ല്‍ നിന്നും മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ചാണ് ഇത് പരീക്ഷിച്ചിരിക്കുന്നത്.

ആദ്യപരീക്ഷണം 2012 ഏപ്രില്‍ 19നും രണ്ടാം പരീക്ഷണം 2013 സെപ്റ്റംബര്‍ 15നും മൂന്നാമത്തേത് 2015 ജനുവരി 31നും നാലാം പരീക്ഷണം 2016 ഡിസംബര്‍ 26 നും അഞ്ചാം പരീക്ഷണം 2018 ജനുവരി 18 നുമായിരുന്നു. 2015 ജനുവരിയില്‍ നടത്തിയ പരീക്ഷണത്തില്‍ ചെറിയ ന്യൂനതകള്‍ കണ്ടെത്തിയിരുന്നു. ഇവ പരിഹരിച്ചതിനു ശേഷമാണ് പിന്നീടുള്ള പരീക്ഷണങ്ങള്‍ നടത്തിയത്. ഈ വര്‍ഷം ജൂണിലും ഒരെണ്ണം പരീക്ഷിച്ചിരുന്നു.

ഇന്ത്യന്‍ പ്രതിരോധ വിഭാഗത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതാണ് അഗ്നി. അഗ്നി 1 ന് 700 കിലോമീറ്റര്‍ റെയ്ഞ്ചായിരുന്നു ഉണ്ടായിരുന്നത്.

പ്രതിരോധ രംഗത്ത് വലിയ മുന്നേറ്റങ്ങള്‍ നടത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു എന്നത് വിദേശ ശക്തികള്‍ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്.

Top