ഡൽഹി: കരസേനയ്ക്ക് പിന്നാലെ അഗ്നിപഥ് റിക്രൂട്ട്മെന്റ വിജ്ഞാപനമിറക്കി വ്യോമസേനയും. വ്യോമസേന രജിസ്ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ ജൂലൈ അഞ്ച് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. പരീക്ഷ അടുത്തമാസം 24 ന് ഓണ്‍ലൈനായി നടത്തും. പത്താം ക്ലാസ്സോ പ്ലസ് ടുവോ പാസായവര്‍ക്കാണ് വ്യോമസേനയില്‍ അവസരം. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്നിവീറുകളായി നിയമനം. മൂന്ന് സേനകളുടെയും വാര്‍ത്താസമ്മേളനം ഇന്ന് വീണ്ടും വിളിച്ചു.
അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം കരസേന ഇന്നലെ പുറത്തിറക്കിയുരുന്നു. കരസേന രജിസ്ട്രേഷന്‍ അടുത്ത മാസമാണ് ആരംഭിക്കുക. പത്താം ക്ലാസ്, എട്ടാം ക്ലാസ് എന്നിവ പാസായവര്‍ക്കാണ് സേനയില്‍ അഗ്നീവീറുകളായി വിവിധ തസ്തികകളില്‍ അവസരം ലഭിക്കുക. 25 ശതമാനം പേര്‍ക്ക് നാല് വര്‍ഷത്തെ സേവനത്തിന് ശേഷം 15 വര്‍ഷം കൂടി തുടരാന്‍ അവസരം ഉണ്ടാകും. എന്നാല്‍ അഗ്നിവീറുകള്‍ക്ക് വിമുക്ത ഭടന്മാരുടെ പദവി, വിമുക്ത ഭടന്‍മാരുടെ ആരോഗ്യപദ്ധതി, ക്യാന്‍റീന്‍ സൗകര്യം എന്നിവ ഉണ്ടായിരിക്കില്ല.
പദ്ധതി നിർത്തി വയ്ക്കണമെന്ന് ഇന്നലെ രാഷ്ട്രപതിയെ കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ പിന്നോട്ടില്ല എന്നു തന്നെയാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. ട്രെയിന്‍ സര്‍വ്വീസുകള്‍ പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല.