ഡൽഹി: അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയിലൂടെ ചരിത്രത്തിലാദ്യമായി വനിതാ നാവികരെ പരിഗണിക്കുമെന്ന പ്രഖ്യാപനവുമായി ഇന്ത്യൻ നേവി. പരിശീലനം പൂർത്തിയായ ശേഷം യുദ്ധക്കപ്പലുകളിലേക്ക് വനിതകളെ നിയമിക്കുമെന്ന് വൈസ് അഡ്മിറൽ ദിനേഷ് കെ ത്രിപാഠി വ്യക്തമാക്കി.
അഗ്‌നിപഥ് പദ്ധതിയിലൂടെ മൂന്ന് സർവീസുകളിലും ലിംഗസമത്വം ഉറപ്പാക്കാനാകുമെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. അഗ്‌നിപഥ് പദ്ധതിയിലൂടെ എത്ര വനിതാ നാവികർക്ക് അവസരം നൽകാമെന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുകയാണെന്നും ദിനേഷ് കെ ത്രിപാഠി പറഞ്ഞു.
അതേസമയം അഗ്‌നിപഥിനെതിരെ രാജ്യമെങ്ങും പ്രതിഷേധം കത്തുമ്പോൾ പദ്ധതിയെ പരോക്ഷമായി ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ചില തീരുമാനങ്ങൾ ആദ്യം അരോചകമായി തോന്നിയേക്കാം, എന്നാൽ, കാലങ്ങൾക്ക് ശേഷം രാജ്യത്തെ മികച്ച രീതിയിൽ കെട്ടിപ്പടുക്കുന്നതിന് ഈ തീരുമാനങ്ങൾ സഹായകമാകുമെന്നും പ്രധാനമന്ത്രി ബെംഗളുരുവിൽ നടന്ന പൊതു പരിപാടിയിൽ പറഞ്ഞു.
ചില തീരുമാനങ്ങൾ ആദ്യം പലർക്കും അരോചകമായി തോന്നിയേക്കാം. എന്നാൽ കാലങ്ങൾക്ക് ശേഷം ഈ തീരുമാനങ്ങൾ പലതും രാജ്യം കെട്ടിപ്പടുക്കാൻ സഹായിക്കും. പരിഷ്‌കാരങ്ങളിലേക്കുള്ള പാത നമ്മെ പുതിയ നാഴികക്കല്ലുകളിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. എന്നാൽ അഗ്‌നിപഥിനെക്കുറിച്ച് നേരിട്ടൊരു പരാമർശം നടത്താൻ അദ്ദേഹം തയാറായില്ല.