ന്യൂഡല്‍ഹി: ടെലികോ കമ്പനികള്‍ക്ക് എജിആര്‍ (വാര്‍ഷിക ലൈസന്‍സ് ഫീസ്) കുടിശിക അടയ്ക്കാന്‍ 10 വര്‍ഷം സമയം അനുവദിച്ച് സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവു പുറപ്പെടുവിച്ചത്.
2021 മാര്‍ച്ച് 31ന് മുന്‍പായി 10 ശതമാനം കുടിശിക തുക അടയ്ക്കണമെന്നും ബാക്കി കുടിശിക 2031 മാര്‍ച്ച് 21ന് മുമ്പ് അടയ്ക്കണമെന്നുമാണ് നിര്‍ദേശം. ഇനിയും വീഴ്ച വരുത്തിയാല്‍ കമ്പനികള്‍ക്കെതിരെ കോടതിയലക്ഷ്യത്തിനു കേസെടുക്കുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കമ്പനികള്‍ക്കെതിരായ കോടതിയലക്ഷ്യ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു.
1.6 ലക്ഷം കോടി രൂപയാണ് ടെലികോം കമ്പനികള്‍ കുടിശിക ഇനത്തില്‍ അടയ്ക്കാനുള്ളത്. ഇത് അടച്ചു തീര്‍ക്കാന്‍ 20 വര്‍ഷമെങ്കിലും അനുവദിക്കണമെന്നാണു ടെലികോം കമ്പനികള്‍ ആവശ്യപ്പെട്ടതെങ്കിലും ഇത് അനുവദിച്ചില്ല.