ഒറ്റരാത്രി കൊണ്ട് നാടും നഗരവും മാറി; ട്രംപിനെ സ്വീകരിക്കാന്‍ ആഗ്രയും തയ്യാര്‍

ആഗ്ര: ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനും ഭാര്യയ്ക്കും രാജകീയ സ്വീകരണമാണ് ആഗ്രയില്‍ ഒരുക്കുന്നത്. വിമാനത്താവളത്തില്‍ നിന്ന് അമര്‍ വിലാസ് കൊട്ടാരത്തിലേക്കുള്ള പത്തുകിലോമീറ്റര്‍ റോഡരികില്‍ ഇതിനായി 16,000ത്തോളം ചെടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒറ്റരാത്രി കൊണ്ട് നട്ടുപിടിപ്പിച്ചത്. മാത്രമല്ല, ട്രംപ് കടന്നുപോകുമ്പോള്‍ റോഡിന്റെ ഇരുവശത്തും 60,000 ഇന്ത്യയുടെയും അമേരിക്കയുടെയും പതാകകളേന്തി കുട്ടികളും 21 ഇടങ്ങളിലായി നൃത്തസംഘങ്ങളും അണിനിരക്കും. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം നൃത്തരൂപങ്ങളിലൂടെ ഇവര്‍ അവതരിപ്പിക്കും. എട്ടുമിനിട്ട് നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ട്രംപിന് ഈ കാഴ്ചകളെല്ലാം ആസ്വദിക്കാം.

ട്രംപിന്റെ സന്ദര്‍ശനം ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം ചെയ്യും. നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെയെല്ലാം പിടിച്ച് ഗോശാലകളിലേക്ക് മാറ്റിയിട്ടുണ്ട്. നാഗരത്തില്‍ നിന്ന് തെരുവുനായ്ക്കളെയും മാറ്റിയിട്ടുണ്ട്. താജ്മഹല്‍ സന്ദര്‍ശനത്തില്‍ സഞ്ചാരികള്‍ ഏറ്റവുമധികം നേരിടുന്നത് കുരങ്ങന്മാരുടെ ശല്യമാണ്. ഇവരെ തടയുന്നതിന് വേണ്ടി 125 പൊലീസ് ഉദ്യോഗസ്ഥരെയാണ് ടെറസില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്. കുരങ്ങന്മാരെ ഭയപ്പെടുത്തുന്നതിനായി അഞ്ച് ഹനുമാന്‍ കുരങ്ങുകളെയും വിന്യസിക്കുന്നുണ്ട്. കുരങ്ങന്മാരെ ഓടിക്കാനായി കവണയുമായാണ് പൊലീസ് കറങ്ങുന്നത്. കുരങ്ങന്മാരില്ലാത്ത താജ് മഹല്‍ സന്ദര്‍ശനം ഉറപ്പുവരുത്തുന്നതിന് വേണ്ടി തങ്ങള്‍ പൂര്‍ണസജ്ജരാണെന്നും അധികൃതര്‍ പറയുന്നു.

അഴുക്കുപുരണ്ട വിനോദസഞ്ചാര നഗരമെന്ന് അറിയപ്പെട്ടിരുന്ന ആഗ്ര പതിനഞ്ചു ദിവസത്തിനുള്ളില്‍ മുഖംമിനുക്കി പുത്തന്‍ നഗരമായി മാറിയിരിക്കുകയാണ്. ട്രംപിന്റെയും കുടുംബത്തിന്റെയും സന്ദര്‍ശനത്തെ ഒരു ഉത്സവമാക്കിയിരിക്കുകയാണ് ആഗ്രയെന്ന തോന്നല്‍ ട്രംപില്‍ ഉണ്ടാക്കണമെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മലിനമായിരുന്ന യമുന നദി രണ്ടു മണിക്കൂറത്തെ ട്രംപിന്റെ സന്ദര്‍ശനത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് ശുചീകരിച്ചു. ഇതിനായി എത്ര കാശ് പൊടിച്ചു എന്ന കണക്ക് സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല

Top