കാര്‍ഷിക നിയമം; കര്‍ഷക സംഘടനകള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഭാരതീയ കിസാന്‍ യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക നിയമം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. പുതിയ നിയമപരിഷ്‌കാരം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. സമാന്തര ചര്‍ച്ചകള്‍ ആരംഭിക്കുന്നത് കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാനായി കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ ആവശ്യപ്പെട്ടു. എല്ലാം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ക്ക് അവസാനം സാധ്യമാണെന്നും തോമര്‍ പറഞ്ഞു.

എന്നാല്‍, തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പാക്കി കിട്ടും വരെ പ്രക്ഷോഭം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍ ഇപ്പോഴും. ഗതാഗതം തടസപ്പെടുത്തി സമരം ചെയ്തതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ ഇന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Top