തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളില്‍ പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള സുപ്രീം കോടതിയുടെ നീക്കം സംശയാസ്പദമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. വിദഗ്ധ സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണ്. സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം കോടതി സമിതിയെ നിയമിച്ചത് തൃപ്തികരമല്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. കര്‍ഷകര്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നത് സര്‍ക്കാരിനോടാണ്. പുതിയ നിയമം കൊണ്ടുവരികയാണ് വേണ്ടത്. എല്ലാവരുമായി ചര്‍ച്ച നടത്തണമെന്നും നിലപാട് വ്യക്തമായ ശേഷം സംയുക്ത സമരത്തില്‍ തീരുമാനം എടുക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് നിയമം സ്റ്റേ ചെയ്തത്. ഇനിയൊരു ഉത്തരവുണ്ടാവുന്നത് വരെയാണ് സ്റ്റേ. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.