ഇന്ത്യന്‍ കാര്‍ഷിക-വ്യവസായ മേഖല തകര്‍ച്ചയിലേയ്ക്ക്; നയങ്ങളില്‍ മാറ്റം അനിവാര്യമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ഷിക രംഗത്തെ വളര്‍ച്ചാ നിരക്ക് താഴേയ്ക്ക് പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടുന്നുണ്ടെങ്കിലും അതിനനുസരിച്ച് കൃഷിക്കാര്‍ക്ക് ലാഭമില്ല. വിവിധ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന താങ്ങുവില അപര്യാപ്തമാണെന്നാണ് വിലയിരുത്തല്‍. പരുത്തി, ചോളം, എണ്ണധാന്യങ്ങള്‍ തുടങ്ങിയവയ്ക്ക് താങ്ങുവിലയേക്കാള്‍ കുറവാണ് യഥാര്‍ത്ഥ വില. 40 ശതമാനം വരെ ഇതില്‍ കുറവു വരുന്നുണ്ട്.

അതിനാല്‍ താങ്ങുവില നല്‍കുന്നതില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നാണ് നിരീക്ഷകരുടെ വാദം. ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിലാണ് വലിയ ബുദ്ധിമുട്ടുകള്‍ വരുന്നത്. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന കയറ്റുമതി തീരുവ വളരെക്കൂടുതലാണെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. നയരൂപീകരണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ലാത്തതാണ് ഇതിന് കാരണമെന്ന് കര്‍ഷക തൊഴിലാളി നേതാക്കളും വിലയിരുത്തുന്നു.

കര്‍ഷകരുടെ ആവശ്യങ്ങളും വലിയ പണപ്പെരുപ്പവും കണക്കിലെടുത്തു കൊണ്ട് വേണം നയരൂപീകരണം സാധ്യമാക്കേണ്ടത്. ഉപഭോക്താക്കളും പച്ചക്കറി വിലയില്‍ നട്ടംതിരിയുകയാണ്. ജൂലൈയിലെ കണക്കുപ്രകാരം പണപ്പെരുപ്പം 4.85 ആയിരുന്നത് ആഗസ്റ്റില്‍ 3.69 ലേയ്ക്ക് എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇത് സാമ്പത്തിക രംഗത്തെ വലിയ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇത് 3.28 ശതമാനമായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വ്യവസായ മേഖലയും സമാനമായ രീതിയില്‍ തന്നെ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നു. മാര്‍ച്ചില്‍ 5.4 ശതമാനമായിരുന്ന വളര്‍ച്ചാ നിരക്ക് ജൂലൈയില്‍ 6 ശതമാനമായി മാറി. വ്യാവസായിക ഉല്‍പ്പാദന രംഗത്ത് വലിയ തളര്‍ച്ച അനുഭവിക്കുന്നു എന്നാണ് ആഗസ്റ്റിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത് (4.35 ശതമാനം).

ഉല്‍പ്പാദന ക്ഷമതയേക്കാള്‍ അതിന്റെ വിപണന സാധ്യതകളിലും തീരുമാനങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കേരളത്തിലെയും കാര്‍ഷിക സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളൊന്നും തന്നെ വന്നിട്ടില്ല. ജനുവരിയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഭക്ഷ്യോല്‍പ്പാദന കൃഷിയിടത്തിന്റെ വിസ്തൃതി 13.72 ശതമാനം കുറഞ്ഞു.

മൊത്തം കൃഷിയിടത്തിന്റെ അളവ് 1.66 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 1975ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ 80 ശതമാനത്തിനു മുകളിലാണ് കൃഷിയിടത്തില്‍ കുറവു വന്നിരിക്കുന്നത്. കേരളത്തിലെ പ്രളയത്തെത്തുടര്‍ന്ന് ഈ കണക്കില്‍ കനത്ത വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കു കൂട്ടല്‍.

Top