തിരുവനന്തപുരം: വയല്‍ നികത്താനും നികത്തിയത് ക്രമപ്പെടുത്താനും 500 രൂപ ഫീസ് നല്‍കി അപേക്ഷിച്ചവര്‍ എന്തുചെയ്യണം. യുഡിഎഫിന്റെ നിയമഭേദഗതി റദ്ദായതോടെ , അപേക്ഷകര്‍ വീണ്ടും പഞ്ചായത്തുകളെ സമീപിക്കണമെന്ന് കൃഷിമന്ത്രി.
തൊണ്ണൂറ്റി മൂവായിരം അപേക്ഷകരില്‍ നിന്ന് പിരിച്ചെടുത്ത ഫീസ് എങ്ങനെ തിരിച്ച് നല്‍കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. റവന്യൂമന്ത്രിയുമായി ആലോചിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു.
വയല്‍ നികത്തുക, നികത്തിയിടത്ത് വീടുവെക്കാനുള്ള അനുമതി വാങ്ങുക, മുന്‍പ് വെച്ച വീടുകള്‍ക്ക് നമ്പര്‍ ഇടുക , ഈ ആവശ്യങ്ങളുള്‍പ്പെടുന്ന 93,000 അപേക്ഷകളാണ് വിവിധ കളക്ടേറ്റുകളില്‍ കെട്ടികിടക്കുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന 3 എ എന്ന നിയമഭേദഗതി അനുസരിച്ച് , ഭൂമിയുടെ ന്യായ വിലയുടെ 25 ശതമാനം അടച്ചാല്‍ ഏത് നികത്തലും ക്രമപ്പെടുത്താമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത് പിന്‍വലിച്ചതോടെ 500 രൂപ ഫീസ് അടച്ച് അപേക്ഷിച്ചവരുടെ കാര്യം വെട്ടിലായി.
പഞ്ചായത്തുകളില്‍ അപേക്ഷ നല്‍കിയാലും അത് പരിശോധിച്ച് അര്‍ഹരെയും അല്ലാത്തവരെയും കണ്ടെത്തി, തീരുമാനം എടുക്കാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും എടുക്കും.
നെല്‍വയല്‍ നിയമം 2008ലെ നിലയിലേക്ക് പുനഃസ്ഥാപിക്കപ്പെടുമ്പോള്‍, 93,000 അപേക്ഷകരിലെ അര്‍ഹരായവരെ കണ്ടെത്താനുള്ള ചുമതല കളക്ടര്‍മാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പുനഃസ്ഥാപിക്കപ്പെടുകയാണ്, എന്നാല്‍ ഇത് അടിയന്തിര പ്രാധാന്യത്തോടെ പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങളൊന്നും നിലവില്ലതാനും.