തൃശൂര്‍: മറ്റത്തൂരിലെ കര്‍ഷകരുടെ പ്രതിസന്ധിയില്‍ പ്രതികരണവുമായി കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരുടെ മുഴുവന്‍ പ്രതിസന്ധിയും പരിഹരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. ഓണം ആഘോഷഘങ്ങളോടനുബന്ധിച്ച് കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്കായി എല്ലാവരെയും സമീപിച്ചിരുന്നു.
അന്നൊന്നും ഇവര്‍ കാര്‍ഷിക ഉത്പന്നങ്ങളുമായി സഹകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അക്കാര്യം സംശയമുയര്‍ത്തുന്നതാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വിഷയത്തില്‍ അന്വേഷണം നടത്തി കാര്യങ്ങള്‍ പരിശോധിക്കും. പ്രതിസന്ധിയിലായെന്ന് പറയുന്ന കര്‍ഷകര്‍ കൃഷിവകുപ്പിനെയോ ഹോര്‍ട്ടികോര്‍പ്പിനെയോ സമീപിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഇതിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ഏത് കര്‍ഷകനും അനായാസേന അവരുടെ വിളകളെ കുറിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോര്‍ട്ടലുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നും മന്ത്രി പി പ്രസാദ് പ്രതികരിച്ചു.
തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി ഉന്നയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു ആരോപണം.