തേങ്ങയുടെ വിലത്തകര്‍ച്ച തടയാന്‍ നടപടികളെടുക്കുമെന്ന് കൃഷിമന്ത്രി

തിരുവനന്തപുരം: ഉത്പാദനം കൂടിയിട്ടും വടക്കന്‍ കേരളത്തില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി നാളികേര വിലത്തകര്‍ച്ച. സര്‍ക്കാരിന്റെ സംഭരണം പാളിയതിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുളള കയറ്റുമതി കുറഞ്ഞതും വിലിയിടിവിന് കാരണമായി. ഈയാഴ്ച തന്നെ കേരഫെഡ് വഴി തേങ്ങ സംഭരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.

പച്ചത്തേങ്ങ, കൊപ്ര, കൊട്ടത്തേങ്ങ എന്നിവയുടെ പ്രധാന സീസണ്‍ തുടങ്ങിയതിനു പിന്നാലെയാണ് വില കുത്തനെ ഇടിഞ്ഞത്. രണ്ട് ദിവസം മുന്‍പ് ക്വിന്റിലിന് 4200 രൂപയുണ്ടായിരുന്ന പച്ചത്തേങ്ങ വില 2900 ലേക്കാണ് താണത്. കൊട്ടത്തേങ്ങ ക്വിന്റലിന് 15000 രൂപയില്‍ നിന്ന് 13000രൂപയായി. സംസ്ഥാനത്ത് നാളികേര ഉത്പാദനം കൂടുതലുളള കോഴിക്കോട് വിപണിയില്‍ പച്ചതേങ്ങയുടെ ശരാശരി വില കിലോയ്ക്ക് 29 രൂപ. കര്‍ഷകന് കിട്ടുന്നതാവട്ടെ 11 രൂപയും. ഉത്തരേന്ത്യയിലേക്കും തമിഴ്‌നാട്ടിലേക്കുമാണ് കേരളത്തിലെ തേങ്ങ ഏറ്റവുമധികം കയറ്റി അയച്ച്‌കൊണ്ടിരുന്നത്. ഉത്തരേന്ത്യയിലേക്കുള്‍പ്പെടെ തേങ്ങ കയറ്റിയക്കുന്ന കോഴിക്കോട്ടെ കോക്കനട്ട് ബസാറില്‍ സംഭരിച്ച തേങ്ങ കെട്ടിക്കിടക്കുന്നു. വിലയിടിവിനൊപ്പം ഉല്‍പ്പന്നം അധികമായി സംഭരിക്കേണ്ടി വരുന്നതും പ്രതിസന്ധിയാണ്.

പ്രതിസന്ധിയുടെ ഗൗരവം കണക്കിലെടുത്ത് അടുത്ത ബുധനാഴ്ചമുതല്‍ കിലോയ്ക്ക് 32രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ കേരഫെഡിന് നിര്‍ദ്ദേശം നല്‍കിയെന്നാണ് കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചിരിക്കുന്നത്. കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍, സഹകരണസംഘങ്ങള്‍ എന്നിവ വഴിയാകും സംഭരണം. കെട്ടിക്കിടക്കുന്ന കൊപ്രയും കേരഫെഡ് വഴി സംഭരിക്കാന്‍ പദ്ധതിയുണ്ട്.

Top