ന്യൂഡല്‍ഹി: ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാക്കളായ എംവി അഗസ്റ്റ ചെറിയ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ നിര്‍മിക്കുന്നു എന്നാണ് പുറത്തുവരുന്ന വാര്‍ത്ത. 350 സിസി, ഇരട്ട സിലിണ്ടര്‍ ഉള്ള ബൈക്കുകളാണ് അഗസ്റ്റ നിര്‍മിക്കാനൊരുങ്ങുന്നത്. ഇന്ത്യയില്‍ 4.75 ലക്ഷം മുതല്‍ 5.55 ലക്ഷം രൂപ വരെയാകും ബൈക്കിന്റെ വില.
ലോകത്തെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ഇന്ത്യയില്‍ സ്ഥാനം ഉറപ്പിക്കുക എന്നതാണ് എംവി അഗസ്റ്റയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഇരട്ട സിലിണ്ടര്‍ എന്‍ജിന്‍ പ്ലാറ്റ്ഫോമില്‍ നിരവധി മോഡലുകള്‍ നിര്‍മിക്കുമെന്നും എംവി അഗസ്റ്റ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തിമൂര്‍ സര്‍ദാറോവ് വ്യക്തമാക്കുകയുണ്ടായി.
ചെറിയ എന്‍ജിന്‍ ശേഷിയുള്ള അഡ്വഞ്ചര്‍, സ്ട്രീറ്റ്ഫൈറ്റര്‍, ക്രൂസര്‍ മോഡലുകള്‍ വികസിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. 2021ല്‍ അഗസ്റ്റ ബൈക്കുകള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.