ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാട് കേസില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വാദം കേള്‍ക്കാന്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനിച്ചു. കേസില്‍ അഞ്ച് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇരു കക്ഷികളോടും കോടതി ആവശ്യപ്പെട്ടു.
അഗസ്റ്റ വെസ്റ്റ് ലാന്‍ഡിന് എതിരെയുള്ള നടപടികള്‍ സംബന്ധിച്ചാണ് കോടതി വാദം കേള്‍ക്കുക.അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കരിമ്പട്ടികയില്‍ നിന്ന് ഒഴിവാക്കി 100 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള കരാര്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിന് മോദി സര്‍ക്കാര്‍ നല്‍കി.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡിനെ സഹായിച്ചത് മോദി സര്‍ക്കാരാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 2019 ല്‍ അധികാരത്തില്‍ വരുമ്പോള്‍ മോദി സര്‍ക്കാരും അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡും തമ്മിലുള്ള ഇടപാടിനെ കുറിച്ച് അന്വേഷിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.
എന്നാല്‍ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ ക്രിസ്റ്റ്യന്‍ മിഷേല്‍ ചോദ്യം ചെയ്യലിനിടെ സോണിയ ഗാന്ധിയുടെ പേര് പരാമര്‍ശിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏത് സാഹചര്യത്തിലാണ് പേര് വെളിപ്പെടുത്തിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നില്ല.
രാഷ്ട്രപതിയുള്‍പ്പെടെയുള്ള അതിവിശിഷ്ട വ്യക്തികളുടെ യാത്രയ്ക്കായി ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപസ്ഥാപനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍ നിന്ന് 12 എഡബ്ള്യു-101 ഹെലികോപ്ടറുകള്‍ വാങ്ങാനുള്ള 3600 കോടി രൂപയുടെ ഇടപാടില്‍ മിഷേലിന് 225 കോടി രൂപ കോഴ ലഭിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2016 ല്‍ നല്‍കിയ കുറ്റപത്രത്തിലെ ആരോപണം.