ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തി അഗസ്റ്റ വെസ്റ്റലന്‍ഡ് അഴിമതിയ്‌ക്കെതിരായ പ്രതിഷേധം നയിച്ച് അരവിന്ദ് കെജ്‌രിവാള്‍. അഴിമതിക്കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സംരക്ഷിക്കുന്ന സമീപനമാണ് നരേന്ദ്ര മോദിയുടേതെന്ന് അദ്ദേഹം ആരോപിച്ചു.
അഗസ്റ്റ അഴിമതിയില്‍ ഗൗരവമായ അന്വേഷണം ആരംഭിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും ജന്തര്‍ മന്ദിറില്‍ നടന്ന എ.എ.പി. പ്രതിഷേധത്തില്‍ അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിനിടെ പലതവണ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി.
മോദി സര്‍ക്കാറിന് കീഴില്‍ അന്വേഷണം ഒരിഞ്ചു മുന്നോട്ടു പോയിട്ടില്ല. അഴിമതിക്കാരെ ശിക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിലേറി രണ്ടുകൊല്ലമായിട്ടും ഒരാളെപ്പോലും ജയിലിലാക്കിയിട്ടില്ല. 3600 കോടി അഴിമതി നടന്ന ഹെലികോപ്റ്റര്‍ ഇടപാടിനുത്തരവാദികളായ സോണിയയെയും മറ്റ് കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യാന്‍ അദ്ദേഹം ബി.ജെ.പി.യെ വെല്ലുവിളിച്ചു.
കൈമാറാന്‍ കേന്ദ്രം തയ്യാറായാല്‍ ഇത്തരം കേസുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തങ്ങളുടെ അഴിമതി വിരുദ്ധ വിഭാഗം കാട്ടിത്തരുമെന്നും അദ്ദേഹം അവകാശവാദമുന്നയിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും ‘ധര്‍ണ്ണ പാര്‍ട്ടി’കളാണെന്നും ഭരണം കാഴ്ച വയ്ക്കുന്നത് ആം ആദ്മി പാര്‍ട്ടിയാണെന്നും കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം ട്വീറ്റില്‍ പറഞ്ഞിരുന്നു. അഴിമതി ആരോപണത്തിനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തിയിരുന്നു. പാര്‍ലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ബി.ജെ.പിയും ധര്‍ണ്ണ നടത്തി