ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതി വിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശങ്ങള്‍ രാജ്യസഭയെ പ്രക്ഷുബ്ധമാക്കി. കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികള്‍ 12 മണി വരെ നിര്‍ത്തിവച്ചു.
രാവിലെ രാജ്യസഭ ചേര്‍ന്ന ഉടന്‍ അഗസ്ത വെസ്റ്റ്‌ലാന്‍ഡ് വിഷയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുത്തു. വിഷയത്തില്‍ പാര്‍ട്ടി പ്രതികരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അറിയിച്ചു. തുടര്‍ന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസംഗം.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി കോഴ വാങ്ങിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കിയതോടെ സഭ പത്തു മിനിറ്റു നേരത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
പിന്നീട് വീണ്ടുംും സഭ ചേര്‍ന്നപ്പോളും ബഹളം രൂക്ഷമായതോടെ ഉച്ചവരെ നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ തീരുമാനിക്കുകയായിരുന്നു. സോണിയ ഗാന്ധി കോഴ വാങ്ങി എന്ന ആരോപണം രേഖകളില്‍ നിന്നു നീക്കി.