ന്യൂഡല്‍ഹി: അഗസ്റ്റ വെസ്റ്റ്‌ലന്‍ഡ് കോപ്ടര്‍ ഇടപാടിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയുമായി ധാരണയുണ്ടാക്കിയെന്ന ആരോപണം കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു.
അഴിമതി എന്ന പ്രധാന പ്രശ്‌നത്തില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള ഏതുശ്രമവും തെറ്റിദ്ധാരണജനകമാണെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നൃപേന്ദ്ര മിശ്ര എന്നിവര്‍ക്കെതിരെയും ആരോപണമുന്നയിക്കുന്നുണ്ട്.
ഇത് വിഷലിപ്ത പ്രചാരണമാണെന്നും യാഥാര്‍ഥ്യവുമായി ഇതിന് ബന്ധമില്‌ളെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി.
ഇടപാടുമായി ബന്ധപ്പെട്ട് സോണിയയെയും കുടുംബത്തെയും കുറിച്ച് വിവരം നല്‍കുന്നതിന് പ്രത്യുപകാരമായി കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റലിക്കാരെ വിട്ടയക്കാമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രിക്ക് മോദി ഉറപ്പുനല്‍കിയെന്നായിരുന്നു ആരോപണം.
കോപ്ടര്‍ കേസില്‍ വിധി വന്നതിന് തൊട്ടുപിറകെ നാവികരെ വിട്ടയക്കാന്‍ നീക്കംനടക്കുന്നത് ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള ഇടപാടാണ് തെളിയിക്കുന്നതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ബന്ധമുണ്ടെന്ന ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ആസാദ്.